ആറന്മുള : ആറന്മുള ഉത്രട്ടാതി വള്ളംകളി, തിരുവോണത്തോണി വരവ്, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി അവലോകന യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർ, പള്ളിയോട സേവാസംഘം സെക്രട്ടറി പി ആർ രാധാകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി, ജില്ലാ മെഡിക്കൽ ഓഫീസർ എ എൽ ഷീജ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ മറ്റ് വകുപ്പുകളുടെ മേധാവികൾ എന്നിവർ സംബന്ധിച്ചു.
ഓഗസ്റ്റ് 21 ന് തിരുവോണ തോണി വരവേൽപ്പ് ആചാരപരമായി 40 പേരെ പങ്കുടുപ്പിച്ചുകൊണ്ട് നടത്തുന്നതിന് യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ വർഷം 20 പേർമാത്രമാണ് തോണിയിൽ പ്രവേശിച്ചിരുന്നത്. നിശ്ചയിക്കപ്പെട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പള്ളിയോട സേവാസംഘത്തിന് പുറമേ ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പു വരുത്തണം.തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിനായി 3 മേഖലയിൽ നിന്ന് ഓരോ പള്ളിയോടങ്ങൾ എന്ന ക്രമത്തിൽ 3 പള്ളിയോടങ്ങളെ പങ്കെടുക്കാൻ അനുവദിക്കും. ഓരോ പള്ളിയോടത്തിലും 40 പേർ വീതം പങ്കെടുക്കും.പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവർ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തിരിക്കണം.. ഇതിന് പുറമേ ആർടിപിസിആർ പരിശോധനയയിൽ നെഗറ്റീവാണെന്ന് ഉറപ്പാക്കണം. രണ്ട് വാക്സിൻ എടുത്തവർക്ക് ഇത് ബാധകമല്ല.
തിരുവോണത്തോണിയിലും പള്ളിയോടത്തിലും വരുന്നവരിൽ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തു എന്ന് ഉറപ്പാക്കാൻ പ്രത്യേക വാക്സിനേഷൻ ക്യാംപ് ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ നടത്തും. ഇതിനാവശ്യമായ ലിസ്റ്റ് പള്ളിയോട സേവാസംഘം നൽകും.ഉത്രട്ടാതി വള്ളം ഓഗസ്റ്റ് 25 ന് 3 പള്ളിയോടങ്ങൾ പങ്കെടുത്തുകൊണ്ട് ജല ഘോഷയാത്രയായി നടത്തുന്നതാണ്. ഇവർക്ക് ക്ഷേത്രക്കടവിൽ വെറ്റപുകയില, മാല, അവൽ, പ്രസാദം എന്നിവ നൽകി പള്ളിയോട സേവാസംഘം സ്വീകരിക്കും. ഇത്തവണ മത്സര വള്ളം കളി ഉണ്ടാവില്ല.
പള്ളിയോട സേവാസംഘം ഭരണ സമിതി തിരഞ്ഞെടുപ്പ് കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് മാറ്റി വച്ചിരിക്കുകയാണ്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത് ഓഗസ്റ്റ് ഒന്നാം തീയതിയാണ്.തുടർന്ന് പുതിയ ഭാരവാഹികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഓഗസ്റ്റ് പകുതിയോടെ വീണ്ടും അവലോകന യോഗം ചേർന്ന് അഷ്ടമി രോഹിണി വള്ളസദ്യ, വള്ളസദ്യ വഴിപാട് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കും.