അഗര്‍ത്തല: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഐപാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) സംഘത്തെ ത്രിപുരയില്‍ ഹോട്ടലില്‍ തടഞ്ഞുവെച്ചു. സംസ്ഥാന ഭരണത്തെ കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള അഭിപ്രായമറിയാന്‍ സര്‍വേ നടത്തുന്നതിനായാണ് സംഘം ത്രിപുരയിലെത്തിയത്. അഗര്‍ത്തലയിലെ സ്വകാര്യ ഹോട്ടലില്‍ സംഘത്തെ തടഞ്ഞുവെക്കുകയായിരുന്നെന്നാണ് പരാതി. 22 പേരടങ്ങുന്ന സംഘത്തെ തിങ്കളാഴ്ച രാവിലെ മുതൽ പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ്.
2023 ലാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ത്രിണമൂൽ കോൺഗ്രസിന് സംസ്ഥാനത്തുള്ള സാധ്യതകൾ പഠിക്കാനാണ് സംഘം ഇവിടെയെത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ ത്രിപുര പൊലീസ് തടഞ്ഞിരിക്കുന്നത്. എന്നാൽ തങ്ങളുടെ കയ്യിൽ മുഴുവൻ രേഖകളുമുണ്ടെന്നാണ് ഇവർ അറിയിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഐപാക് സംഘത്തെ ബി.ജെ.പി സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു. ബംഗാളിലെ തൃണമൂല്‍ വിജയം ബി.ജെ.പിയെ അസ്വസ്ഥരാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.