ടോക്യോ: ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. പൂള് എയിലെ രണ്ടാം മത്സരത്തില്‍ ജര്‍മനി എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി.
ഒന്നാം ക്വാര്‍ട്ടറിലും മൂന്നാം ക്വാര്‍ട്ടറിലുമായിരുന്നു ജര്‍മനിയുടെ ഗോളുകള്‍. ക്യാപ്റ്റന്‍ നികെ ലോറെന്‍സും കത്രീന ആന്‍ ഷ്രോഡറും ജര്‍മനിക്കായി ലക്ഷ്യം കണ്ടു.
ആദ്യ ക്വാർട്ടർ അവസാനിക്കാൻ 3 മിനിട്ട് മാത്രം ശേഷിക്കെയായിരുന്നു ജർമനിയുടെ ആദ്യ ഗോൾ. പെനൽറ്റി കോർണറിൽ നിന്ന് ക്യാപ്റ്റൻ നിക്കെ ലോറൻസ് ആണ് ജർമ്മനിക്കായി സ്കോർ ചെയ്തത്. പിന്നാലെ, 35ആം മിനിട്ടിൽ ഒരു ഫീൽഡ് ഗോൾ കൂടി നേടിയ ജർമ്മനി ജയം ഉറപ്പിച്ചു. ആൻ ഷ്രോഡർ ആണ് ജർമ്മനിയുടെ രണ്ടാം ഗോൾ നേടിയത്.
കളി അവസാനിക്കാൻ 10 മിനിട്ട് മാത്രം അവശേഷിക്കെ ശർമിള ദേവിക്ക് മഞ്ഞ കാർഡ് ലഭിച്ചത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. ആദ്യ മത്സരത്തിൽ നെതർലൻഡിനോട് ഇന്ത്യ 1-5 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു.
ബ്രിട്ടനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.