ആലപ്പുഴ: കടക്കരപ്പള്ളിയില്‍ നഴ്സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ ഹരികൃഷ്ണയെ (26) അടിച്ചുവീഴ്ത്തിയ ശേഷം സഹോദരീഭര്‍ത്താവ് പുത്തന്‍കാട്ടുങ്കല്‍ രതീഷ് എന്ന ഉണ്ണി പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു.
താല്‍ക്കാലിക നഴ്സായ ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23നു രാത്രി ചേര്‍ത്തല തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് സ്കൂട്ടറില്‍ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.
രതീഷ് 2 വര്‍ഷമായി ഹരികൃഷ്ണയുടെ പിന്നാലെ കൂടിയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹരികൃഷ്ണയ്ക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. രതീഷിനെ റിമാൻഡ് ചെയ്തു.