ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136.05 അടിയെത്തിയതോടെയാണ് ഡാം അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.136.05 അടിയിലെത്തിയതോടെ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളില്‍ കണ്ട്രോള് റൂം തുറക്കാന്‍ നിര്‍ദേശം നല്കി. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദേശം നല്‍കും.
1867 ഘനയടി വെള്ളം ഇപ്പോള്‍ ഡാമില്‍ നിന്ന് ഒഴുക്കി വിടുന്നുണ്ട്. 3631 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 142 അടിയില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
അതേസമയം, കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ചൊവ്വ മുതല്‍ വ്യാഴം വരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.