തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പ്രതിരോധ വാക്സിന് ക്ഷാമം രൂക്ഷമായി തുടരുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വാക്സിനേഷനുണ്ടാകില്ല. നിലവില്‍ ഒരു ലക്ഷത്തില്‍ താഴെ ഡോസ് വാക്സിന് മാത്രമാണുള്ളത്. അതേസമയം, ഈ മാസം 17ന് അഞ്ച് ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിലെത്തിയത്. അന്ന് സ്റ്റോക്കുണ്ടായിരുന്നത് 11 ലക്ഷം വാക്സിനാണ്. എന്നാല്‍ ഇന്നലെ തന്നെ പല ജില്ലകളിലും വാക്സിന് ക്ഷാമം അനുഭവപ്പെട്ടിരുന്നു.
അതേസമയം, 45 വയസിന് മുകളില്‍ പ്രായമുള്ള വയോധികരുള്‍പ്പടെ 28 ലക്ഷത്തിലധികം പേര് ഇനിയും ആദ്യഡോസ് വാക്സീന് പോലും കിട്ടാത്തവരാണ്. 74 ലക്ഷത്തിലധികം പേര് നിലവില്‍ സംസ്ഥാനത്ത് രണ്ടാം ഡോസിന് കാത്തിരിക്കുന്നവരാണ് ഇപ്പോഴും.
വടക്കന്‍ ജില്ലകളിലും വാക്സിന് ക്ഷാമം രൂക്ഷമാണ്. കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് പുറമെ തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 70 ശതമാനത്തിന് താഴെ ആളുകള്‍ക്കാണ് ആദ്യഡോസ് വാക്സീന് കിട്ടിയത്. സ്വന്തമായി രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് കിട്ടാത്തവരാണ് ഒട്ടുമിക്ക ആളുകളും. ആദ്യ ഡോസ് പണം കൊടുത്ത് എടുക്കാമെന്ന് വച്ചാല്‍ അതിനും സാഹചര്യമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.