തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിമിനൽ കേസ് പ്രതിയെ തട്ടി കൊണ്ടുപോയി. നെയ്യാർ ഡാം സ്വദേശി ഷാജിയെയാണ് തട്ടികൊണ്ടുപോയത്. ഇന്ന് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരം മാറന്നല്ലൂരിൽവെച്ച് സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയ ശേഷം കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
ഷാജി ഓടിച്ചിരുന്ന ആക്ടീവ സ്കൂട്ടർ പിന്തുടർന്ന് വന്നവർ ആദ്യം വാഹനം ഇടിച്ചിട്ടു. നിലത്തുവീണയാളെ മർദ്ദിച്ച ശേഷമാണ് കാറിൽ കയറ്റികൊണ്ടുപോയത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് വാഹനമോടിച്ചിരുന്നത് ഷാജിയാണെന്ന് കണ്ടെത്തിയത്.
ഷാജി നിരവധിക്കേസിലെ പ്രതിയും പണം പലിശക്ക് നൽകുന്നയാളുമാണെന്ന് പൊലീസ് പറയുന്നു. വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.