പാലക്കാട്: ഹോട്ടലില്‍ കയറി കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി രമ്യ ഹരിദാസ് എംപി. പാഴ്സലിനായി കാത്തുനില്ക്കുകയായിരുന്നു. മഴയായതിനാലാണ് ഹോട്ടലില്‍ കയറിയത്. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രമ്യ വ്യക്തമാക്കി.
കാലിന് പരുക്കുള്ളതിനാലാണ് മഴ ഉള്ള സ്ഥലത്തിരിക്കാതെ ഹോട്ടലിന് ഉള്ളിലേക്ക് ഇരുന്നത്. അവിടെ പാഴ്സല്‍ പറഞ്ഞിരിക്കുന്ന സമയത്ത് എത്തിയ യുവാവാണ് പ്രശനം ഉണ്ടാക്കിയതെന്നും രമ്യ ഹരിദാസ് പറഞ്ഞു. എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്സല്‍ വാങ്ങിക്കാന്‍ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തട്ടിക്കയറി വളരെ മോശമായ രീതിയിലേക്ക് പോയി. കടക്കാരനോടും തട്ടിക്കേറി. ഹോട്ടലുടമയും കാലിന് പരുക്കുള്ളതിനാലാണ് ഉള്ളില്‍ കയറ്റിയെന്നത് പറഞ്ഞിരുന്നു – രമ്യ വിശദീകരിച്ചു.
സംഭവത്തിൽ, കോണ്‍ഗ്രസ് നേതാക്കള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ലംഘിച്ചതായി ആരോപണം ഉയർന്നിരുന്നു. ഹോട്ടലിനകത്ത് ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇവർക്കെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. രമ്യ ഹരിദാസ് എംപി, മുന്‍ എംഎല്‍എ വി ടി ബല്‍റാം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്ന പാളയം പ്രദീപ്, റിയാസ് മുക്കോളി എന്നിവരടക്കമുള്ളവര്‍ക്ക് എതിരെയാണ് ആരോപണം.