കൊളംബോ∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയച്ചു. ഇന്ത്യൻ നിരയിൽ ഇന്ന് രണ്ടു പേർ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിക്കും. ഓപ്പണർ പൃഥ്വി ഷാ, സ്പിന്നർ വരുൺ ചക്രവർത്തി എന്നിവരാണ് അരങ്ങേറുന്നത്. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പർ.
ശ്രീലങ്കൻ നിരയിൽ മൂന്നാം ഏകദിനത്തിൽ കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളുണ്ട്. ഇസൂര ഉഡാന ടീമിൽ തിരിച്ചെത്തി. ലങ്കൻ ടീമിലും ഇന്ന് രണ്ടു പേർ അരങ്ങേറ്റം കുറിക്കും. മൂന്നാം ഏകദിനത്തിൽ പുറത്തിരുന്ന വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറും ദീപക് ചാഹറും ഉൾപ്പെടെയുള്ളവർ തിരികെയെത്തി. സ്പിൻ വിഭാഗത്തിൽ യുസ്വേന്ദ്ര ചെഹലിനൊപ്പം അരങ്ങേറ്റ താരം വരുൺ ചക്രവർത്തിയെത്തും. പാർട്ട് ടൈം സ്പിന്നറായി ക്രുണാൽ പാണ്ഡ്യയും.
വിരാട് കോഹ്ലി ഉൾപ്പെടെയുള്ള താരങ്ങളുടെ അഭാവത്തിൽ ലോകകപ്പിനുള്ള ഇന്ത്യൻ ട്വന്റി20 ടീം തിരഞ്ഞെടുപ്പിൽ അവകാശ വാദം ഉന്നയിക്കാനുള്ള അവസരമാണ് ഇന്ത്യൻ യുവനിരയ്ക്ക് ഈ പരമ്പര. ക്യാപ്റ്റൻ ശിഖർ ധവാൻ ഉൾപ്പെടെയുള്ളവർ ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുക.