നിങ്ങൾ സ്വന്തം പേരുപോലും മാതൃഭാഷയിൽ എഴുതാൻ അറിയാത്തവർ ആണോ. സാരമില്ല, സാക്ഷരത മിഷനിൽ സ്വാധീനം ഉണ്ടോ. യോഗ്യത സർട്ടിഫിക്കറ്റ് റെഡി. സാക്ഷരത മിഷൻ നടത്തുന്ന സാക്ഷരത, നാല്, ഏഴ്, തലങ്ങളിലെ സർട്ടിഫിക്കറ്റ് വിതരണത്തിൽ ആണ് ഇത്രയും വിശാലത. ഏഴാം തരം സർട്ടിഫിക്കറ്റ് ലഭിച്ചാൽ എന്താണ് പ്രയോജനം എന്നല്ലേ.
കേരള സർക്കാരിന്റെ സർട്ടിഫിക്കറ്റ് ആയതിനാൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. കൂടാതെ ഏഴാം ക്ലാസ് യോഗ്യത മാനദണ്ഡം ആക്കിയിട്ടുള്ള പി എസ് സി ജോലിക്ക് അപേക്ഷിക്കാം. പുതിയ തൊഴിൽ സംരഭം തുടങ്ങാൻ ബാങ്കുകളിൽ നിന്നും വായ്പ ഒക്കെ കിട്ടും. കൂടാതെ സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം തുല്യത കോഴ്സിൽ ചേർന്ന് പഠിക്കുകയും ചെയ്യാം.
പത്ത് , ഹയർ സെക്കന്ററി തലങ്ങളിലും ഇങ്ങനെയൊക്കെ നടക്കുമോയെന്ന കാര്യം ഉറപ്പിക്കാൻ ഇപ്പോൾ തരം ഇല്ല. കാരണം അക്കാര്യം സമർത്ഥിക്കാൻ തെളിവ് ഇപ്പോൾ ഇല്ല. പത്താം തരം പരീക്ഷ നടത്തിപ്പും സർട്ടിഫിക്കറ്റ് വിതരണവും നടത്തുന്നത് പരീക്ഷ ഭവൻ ആണ്. ഹയർ സെക്കന്ററി തുല്യതയുടെ കാര്യത്തിൽ ഇക്കാര്യങ്ങൾ നിർവഹിക്കുന്നത് ഹയർ സെക്കന്ററി ബോർഡും.
സാക്ഷരത മിഷനും തിരുവനന്തപുരം നഗരസഭയും ചേർന്ന് നടപ്പിലാക്കുന്ന ‘അക്ഷര ശ്രീ’ പദ്ധതിയുടെ ഭാഗമായുള്ള ഏഴാംതരം തുല്യത സർട്ടിഫിക്കറ്റ് വിതരണത്തിൽ ആണ് വ്യാപകമായ ക്രമക്കേടുകൾ പുറത്ത് വന്നത്. സാക്ഷരത മിഷന്റെ ഏതെങ്കിലും കോഴ്സിൽ ചേർന്ന് ഒരാൾക്ക് പഠിക്കണമെങ്കിൽ registration നടത്തണം. രെജിസ്ട്രേഷൻ ഫോമിൽ അപേക്ഷിക്കുന്ന ആളുടെ മേൽവിലാസം, ജനനതീയതി തുടങ്ങി അവശ്യം വേണ്ട വിവരങ്ങൾ പൂരിപ്പിച്ചു നൽകണം. അങ്ങനെ നൽകുന്ന വിവരങ്ങൾ ചുമതല യുള്ള സാക്ഷരത മിഷൻ ജീവനക്കാരൻ പരിശോധിച്ചു ബോധ്യപ്പെടുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പ്രവേശനം അനുവദിക്കും.
എന്നാൽ അക്ഷര ശ്രീ പദ്ധതി പ്രകാരം സാക്ഷരത മിഷൻ നൽകിയ ഏഴാം തരം സർട്ടിഫിക്കറ്റുകളിൽ ജീവനക്കാരൻ പഠിതാവിന്റെ വിവരങ്ങൾ ചേർക്കേണ്ട ഭാഗങ്ങളിൽ ഒരു വിവരവും നൽകിയിട്ടില്ല. രേഖ ഹാജരാക്കിയിട്ടില്ല എന്നാണ് ജനനതീയതി രേഖപ്പെടുത്തേണ്ട സ്ഥലത്ത് സാക്ഷരത മിഷൻ ജീവനക്കാരൻ രേഖപ്പെടുത്തിയിരിക്കുന്നത്. മേൽവിലാസം അടക്കം എഴുതേണ്ട ഭാഗങ്ങൾ ഒന്നും തന്നെ പൂരിപ്പിക്കാതെ നിരവധി സെര്ടിഫിക്കറ്റുകൾ ഇത്തരത്തിൽ വിതരണം ചെയ്തതിന്റെ രേഖകൾ ആണ് പുറത്തായത്. രജിസ്റ്റർ ചെയ്ത പഠിതാവിന് ക്ലാസ് നൽകി, പരീക്ഷ നടത്തി അല്ല ഇത്തരം സെര്ടിഫിക്കറ്റുകൾ വിതരണം ചെയ്തതെന്ന് വ്യക്തം.
സർട്ടിഫിക്കറ്റുകളിൽ സ്വീകർത്താവിനു സ്വയം വിവരങ്ങൾ രേഖപ്പെടുത്താം. എന്നുവച്ചാൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സെര്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് ‘വ്യാജൻ’ മാർക്കെന്നു പകൽ പോലെ വ്യക്തം.ഗുണഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാട്ടി കുറുക്കുവഴിയിലൂടെ നഗരസഭയുടെ ഫണ്ട് തട്ടാനാണുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സാക്ഷരത മിഷനിലെ ജീവനക്കാർ തന്നെ ആരോപിക്കുന്നു
തിരുവനന്തപുരം നഗരത്തിലെ നൂറ് വാർഡുകളിൽ സാക്ഷരത മുതൽ ഹയർ സെക്കന്ററി തലം വരെ സൗജന്യമായി വിദ്യാഭ്യാസം നൽകുന്നതിനായി 2017 സെപ്റ്റംബർ മാസത്തിൽ 4.15 കോടി ചെലവിൽ തുടക്കം കുറിച്ച പദ്ധതിയാണ് ‘അക്ഷര ശ്രീ’ ഇതിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താൻ നടത്തിയ സർവ്വേ തട്ടിപ്പായിരുന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു. നഗരത്തിൽ 11, 700 നിരക്ഷരർ ഉണ്ടെന്ന കണ്ടെത്തൽ പെരുപ്പിച്ചു കട്ടിയുള്ള കണക്കുകൾ ആണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
നിരക്ഷരരുടെ സർവ്വേ കണക്കിൽ നിരവധി അഭ്യസ്‌ത വിദ്യർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപവും ഉയർന്നിരുന്നു. പല വാർഡുകളിലും സർവ്വേ നടത്താൻ ആരും എത്താതിരുന്നതും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇത്രയും നിരക്ഷരരെ കണ്ടെത്തിയിട്ടും ഇതുവരെ അക്ഷര ശ്രീ പദ്ധതി പ്രകാരം കഷ്ടിച്ച് ചുരുക്കം പേർക്കു മാത്രമേ സാക്ഷരത ക്ലാസ്സ് സംഘടിപ്പിക്കാൻ കഴിഞ്ഞു വെന്നുള്ളത് ആക്ഷേപം ശരിവെക്കുന്നതാണ്.