തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാനുപാതികമാക്കാനുള്ള സർക്കാർ ഉത്തരവിലെ അനുപാത കണക്കിൽ ഒളിച്ചുകളി. നിലവിൽ മുസ്ലിം വിദ്യാർഥികൾക്ക് 80 ശതമാനവും ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് 20 ശതമാനവും നൽകിവരുന്ന സ്കോളർഷിപ്പിന് ഭാവിയിൽ ഏത് അനുപാതമായിരിക്കുമെന്ന കണക്കിൽ ഉത്തരവ് മൗനം പാലിക്കുകയാണ്.
സ്കോളർഷിപ്പിന്റെ അനുപാതം മാറ്റിയത് മറച്ചുവെക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉത്തരവിലെ ഒളിച്ചുകളി. നേരത്തേ 80:20 ആയിരുന്ന സ്കോളർഷിപ് സർക്കാർ തീരുമാനത്തിലൂടെ 59.05 (മുസ്ലിം): 40.87 (ക്രിസ്ത്യൻ) അനുപാതത്തിലേക്ക് മാറുമെന്ന വസ്തുത മറച്ചുവെക്കാനും ഉത്തരവിലൂടെ ശ്രമിക്കുന്നു.സ്കോളർഷിപ് ജനസംഖ്യാനുപാതത്തിലേക്ക് മാറുേമ്പാൾ നിലവിൽ 80 ശതമാനം ലഭിക്കുന്ന മുസ്ലിം വിഭാഗത്തിന് 59.05 ശതമാനമായി കുറയുകയും 20 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യൻ വിഭാഗത്തിന് 40.87 ശതമാനമായി വർധിക്കുകയും ചെയ്യും.
അതേസമയം മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന, ബുദ്ധ മതക്കാര്‍ എന്നിവരെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള മെറിറ്റ് സ്കോളര്‍ഷിപ്പില്‍ മുസ്ലിങ്ങളെയും ലത്തീന്‍ കത്തോലിക്ക പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളെയും മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇത് വിവേചനമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് തുല്യമായി വിതരണം ചെയ്യാന്‍ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.