തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കും.സംസ്ഥാനത്തിന്റേതായ രീതിശാസ്ത്രം അനുസരിച്ച് തയ്യാറാക്കുകയും കേന്ദ്രം ഏതെങ്കിലും ഘട്ടത്തിൽ തടയിടുന്ന പക്ഷം ഇടപെടുകയും ചെയ്യാമെന്നാണ് ഇപ്പോഴത്തെ ധാരണ.വിദ്യാഭ്യാസം കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണത്തിന് അവകാശമുള്ള വിഷയമായതിനാൽ ആ സ്വാതന്ത്ര്യം ഉപയോഗിക്കാനായേക്കുമെന്നാണ് കരുതുന്നത്. കേന്ദ്രഫണ്ടുകൾ നഷ്ടമാക്കേണ്ടതില്ലെന്ന നിലപാടും സർക്കാരിനുണ്ട്.
സംസ്ഥാനങ്ങളിൽനിന്നുള്ള കരട് അംഗീകരിച്ച് ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കി സംസ്ഥാനങ്ങൾക്ക് അയച്ചുകഴിഞ്ഞാൽ അതിൽ പിന്നീട് കാര്യമായ മാറ്റംവരുത്താനാകില്ലെന്നതാണ് സംസ്ഥാനങ്ങളുടെ ആശങ്ക. ഇതിനായി പാഠപുസ്തക പരിഷ്കരണത്തിന് ഫോക്കസ് ഗ്രൂപ്പുകളുടെ രൂപവത്കരണത്തിനുള്ള വിദഗ്ധരുടെ പാനൽ തയ്യാറാക്കുന്നതിനുള്ള നടപടികൾ എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ ഉടൻ തുടങ്ങും. പാഠ്യപദ്ധതി – പഠനസമീപനം, ഭാഷാവിഷയങ്ങൾ, ലിംഗനീതി തുടങ്ങി ഇരുപതോളം വിഷയങ്ങളിൽ വിദഗ്ധരുടെ പാനൽ അടങ്ങിയതാണ് ഫോക്കസ് ഗ്രൂപ്പുകൾ.