തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പ് ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ നടപ്പിലാക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജാതീയമായ സ്പര്‍ധയും സര്‍ക്കാര്‍ വിരുദ്ധ വികാരവും വളര്‍ത്തിയെടുക്കാന്‍ ചില നിക്ഷിപ്ത കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് പത്ര കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
പാതയോര വിശ്രമ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പേര് -ടേക് എ ബ്രേക്ക്- എന്നാണ്. അതിന് നവോത്ഥാന നായകനായ അയ്യന്‍കാളിയുടെ പേര് നല്കി അപമാനിച്ചു എന്ന നുണ പ്രചരിപ്പിച്ചാണ് ചില സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മുതലെടുപ്പിന് ശ്രമിക്കുന്നത്. റോഡ് യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനും വിശ്രമിക്കാനും വേണ്ടിയുള്ളതാണ് ടേക് എ ബ്രേക്കില്‍ ഒരുക്കുന്ന ശുചിമുറികളും അനുബന്ധ സൗകര്യങ്ങളും.സാധാരണ നിലയില്‍ ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനത്തിന് കരാറുകാരെ ഏര്‍പ്പിക്കാറാണ് പതിവ്.
അതില്‍ നിന്നും വ്യത്യസ്തമായി അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളികള്‍ക്ക് പരിപാലന ചുമതല നല്കുന്ന രീതിയില്‍ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പ്രസ്താവിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയും വഴി പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകാന്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ ഉള്‍പ്പെടുത്തുമ്പോഴാണ് പച്ചക്കള്ളം പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ജനപക്ഷ മനോഭാവത്തെ താഴ്ത്തി കാണിക്കാനാണ് ചില ദുഷ്കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. മന്ത്രിയുടെ ഓഫീസ് ഇത്തരം നുണ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഈ വിഷയത്തില്‍ ഡി ജി പിയ്ക്ക് നല്കിയ പരാതിയില്‍ പോലീസ് സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്ന് മന്ത്രി ഓഫീസ് പത്രകുറിപ്പിലൂടെ അറിയിച്ചു.