ചെന്നൈ: പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിച്ച് നിരവധിപേരിൽ നിന്ന് 600 കോടിയോളം രൂപ തട്ടിയെടുത്ത ബിജെപി നേതാക്കൾ മുങ്ങി. ബിജെപി വ്യാപാരി സംഘടന നേതാക്കളായ ഗണേഷും സ്വാമിനാഥനുമാണ് മുങ്ങിയത്. ‘ഹെലികോപ്റ്റർ സഹോദരൻമാർ’ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഇരുവർക്കുമെതിരെ തഞ്ചാവൂർ ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തു.
തിരുവാരൂർ സ്വദേശികളായ ഇരുവരും ആറു വർഷം മുൻപാണ് കുഭകോണത്തേക്ക് താമസം മാറ്റിയത്. ക്ഷീരോൽപന്ന കമ്പനിയായിരുന്നു ആദ്യം തുടങ്ങിയത്. പിന്നീട് വിക്ടറി ഫിനാൻസ് എന്നപേരിൽ ധനകാര്യ സ്ഥാപനവും 2019ൽ അർജുൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വ്യോമയാന കമ്പനിയും തുടങ്ങി. ഒരു വർഷം കൊണ്ട് ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞാണ് നാട്ടുകാരൽനിന്ന് പണം കൈപ്പറ്റിയിരുന്നത്.
ആദ്യഘട്ടത്തിലൊക്കെ ഇത് കൃത്യമായി പാലിച്ചത് ഇടപാടുകാരിൽ വിശ്വാസ്യത ജനിപ്പിച്ചു. ഇതോടെ ആളുകൾ കൂടുതൽ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. പിന്നീട് പണം തിരികെ നൽകുന്നതിൽ വീഴ്ചവന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കോവിഡ് പ്രതിസന്ധി ബിസിനസിനെ ബാധിച്ചുവെന്നും ഉടൻ ശരിയാകുമെന്നുമായിരുന്നു മറുപടി. എന്നാൽ, തട്ടിപ്പാണെന്ന് ബോധ്യമായതോടെ 15 കോടി രൂപ നിക്ഷേപിച്ച ദമ്പതികൾ പൊലീസിൽ പരാതി നൽകി.
ഇവരുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിൽ തങ്ങൾ 15 കോടി രൂപ നിക്ഷേപിച്ചതായും പണം തിരികെ ചോദിക്കുേമ്പാൾ ഇരുവരും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരായ ജാഫറുല്ലയും ഭാര്യ ഫൈറാജ് ഭാനുവും പറയുന്നു. സുഹൃത്തുക്കളിൽനിന്നും കുടുംബക്കാരിൽനിന്നും വായ്പ വാങ്ങിയാണ് 25 ലക്ഷം രൂപ നിക്ഷേപിച്ചതെന്ന് തട്ടിപ്പിനിരയായ മറ്റൊരു നിക്ഷേപകൻ ഗോവിന്ദരാജ് പറഞ്ഞു. നിരവധി പേരാണ് പരാതികളുമായി രംഗത്തെത്തുന്നത്.