സീബ്രാ ക്രോസിങിൽ കാൽനടക്കാരെ പരിഗണിക്കാതെ കടന്നുപോയ നാലായിരത്തിലേറെ ഡ്രൈവർമാർക്ക് അബൂദബിയിൽ പിഴയിട്ടു. ഏകദേശം പതിനായിരം രൂപയാണ് അതായത് 500 ദിർഹമാണ് ഇതിന് പിഴ.
കാൽനടക്കാർ റോഡ് മുറിച്ചുകടക്കാനായി സീബ്രാ ക്രോസിങിലേക്ക് എത്തിയാൽ പിന്നെ കാൽനട യാത്രക്കാരനാണ് യു.എ.ഇയിലെ ഗതാഗത നിയമപ്രകാരം മുൻഗണന. സീബ്രാ ക്രോസിങിൽ കാത്തുനിൽക്കുന്നവരെ പരിഗണിക്കാതെ വാഹനം മുന്നോട്ടെടുത്താൽ 500 ദിർഹം പിഴക്ക് പുറമെ ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്റും വീഴും. ഇത്തരത്തിൽ കാൽനടക്കാരെ പരിഗണിക്കാതിരുന്ന 4,138 ഡ്രൈവർമാർക്കാണ് അബൂദബി പൊലീസ് പിഴയിട്ടത്.
ഈ വർഷം ജൂൺ വരെയുള്ള കണക്കാണിത്. നിയമം ലംഘിച്ച് കടന്നുപോകുന്ന വാഹനങ്ങളുടെ ദൃശ്യം സഹിതമാണ് അബൂദബി പൊലീസ് ഈ കണക്ക് പുറത്തുവിട്ടത്.