ടൊവീനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുടെ ഷൂട്ടിങ് നാട്ടുകാർ ഇടപെട്ട് നിർത്തിവയ്പ്പിച്ചു. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലാണ് സിനിമ ഷൂട്ടിങ്ങിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. ഡി കാറ്റഗറിയിൽ ഉള്ള പഞ്ചായത്തിൽ ഷൂട്ടിങ് അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം. എന്നാൽ ഷൂട്ടിങ്ങിന് കലക്ടറുടെ അനുമതി ഉണ്ടെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നു. പ്രദേശത്ത് സംഘർഷത്തെ തുടർന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഷൂട്ടിങ് നിർത്തിവയ്പ്പിച്ചു.
ഗോദയ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിര്മാക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാനാണ് ഒരുക്കുന്നത്. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസാണ്. മനു ജഗദ് ആണ് സിനിമയുടെ കലാസംവിധാനം.
ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.