സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീം എന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സൂര്യ എത്തുന്നത്. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമാണിത്. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുന്നത്.
രജിഷ വിജയനാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. ധനുഷ് നായകനായ ‘കര്‍ണ്ണനി’ലൂടെയായിരുന്നു രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. മണികണ്ഠനാണ് ചിത്രത്തിന്റെ രചന. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, ലിജോമോള്‍ ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എസ് ആര് കതിര് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആക്ഷന്‍ കൊറിയോഗ്രഫി അന്‍ബറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. 2ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊവിഡ് രണ്ടാംതരംഗത്തിന്റെ വരവിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.
പാണ്ഡിരാജിന്റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ‘എതര്‍ക്കും തുനിന്തവന്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘നവരസ’യില്‍ ഗൗതം മേനോന് സംവിധാനം ചെയ്യുന്ന ‘ഗിറ്റാര്‍ കമ്പി മേലേ നിണ്ട്രി’ലും ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തില്‍ വെട്രിമാരന് സംവിധാനം ചെയ്യുന്ന വാടിവാസല്‍, വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും സുര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.