മുംബൈ: യുഎപിഎ ചുമത്തപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച വൈദികൻ സ്റ്റാൻ സ്വാമിയെ പ്രശംസിച്ചുകൊണ്ടുള്ള പരാമർശം പിൻവലിച്ച് കോടതി. എന്‍ഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് എതിര്‍പ്പ് അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് എസ്എസ് ഷിൻഡെയുടെ അധ്യക്ഷതയിലുള്ള ബോംബെ ഹൈക്കോടതി ബെഞ്ച് സ്വാമിയെ പുകഴ്ത്തിയത് തിരിച്ചെടുത്തത്.
ഭീമാ കൊറെഗാവ് കേസില്‍ വിചാരണ കാത്ത് കഴിയവെയാണ് സ്റ്റാന്‍ സ്വാമി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്. അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പരാമര്‍ശം പിന്‍വലിച്ചുവെങ്കിലും ന്യായാധിപന്മാരും മനുഷ്യരാണെന്ന് ജസ്റ്റിസ് ഷിന്ദേ ചൂട്ടിക്കാട്ടി. സ്റ്റാന്‍സ്വാമിയുടെ മരണ വാര്‍ത്ത അപ്രതീക്ഷിതമായാണ് കേട്ടത്. അദ്ദേഹത്തെ തടവിലാക്കിയതിനെപ്പറ്റിയോ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതിനെപ്പറ്റിയോ പരാമര്‍ശമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമപരമായ കാര്യങ്ങള്‍ വേറെയാണ്. പക്ഷെ താന്‍ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അവ പിന്‍വലിക്കുന്നു. സ്റ്റാന്‍ സ്വാമിയുടെ മരണം പോലെയുള്ള കാര്യങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കുമ്പോള്‍ ന്യായാധിപരും മനുഷ്യരാണെന്ന കാര്യം ഓര്‍ക്കണമെന്നും ജസ്റ്റിസ് ഷിന്ദേ പറഞ്ഞു.
ഭീമ-കൊറേഗാവ് കേസിൽ കസ്റ്റഡിയിൽ തുടരുന്നതിനിടെ ഈ മാസം അഞ്ചിനാണ് ആരോഗ്യനില വഷളായി പ്രശസ്ത വൈദികനും സാമൂഹിക പ്രവർത്തകനുമായ സ്റ്റാൻ സ്വാമി മരിക്കുന്നത്. സ്വാമിയുടെ മരണശേഷം കഴിഞ്ഞ തിങ്കളാഴ്ച വാദംകേൾക്കലിനിടെയാണ് ഹൈക്കോടതി ബെഞ്ച് അദ്ദേഹത്തെ വിശദമായി അനുസ്മരിച്ചത്. കേസുകാര്യങ്ങള്‍ക്കപ്പുറം സ്റ്റാൻ സ്വാമി സമൂഹത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മരണം പ്രതീക്ഷിച്ചില്ലെന്നും കോടതി പറഞ്ഞു.
എന്നാൽ, ഇന്ന് കേസിൽ വീണ്ടും വാദംകേൾക്കൽ നടക്കുന്നതിനിടെ എൻഐഎക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ(എഎസ്ജി) അനിൽ സിങ് കോടതിയുടെ നിരീക്ഷണങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. കോടതി പരാമർശത്തിലൂടെ എൻഐഎക്കെതിരെ മോശം അഭിപ്രായമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുമെന്നും എഎസ്ജി ആരോപിച്ചു. ഇതിനുള്ള മറുപടിയിലാണ് കോടതി പ്രശംസാവാക്കുകള്‍ പിന്‍വലിച്ചത്.