തിരുവനന്തപുരം: രാജ്യത്ത് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്ന് തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് മഹാമാരികളുമായി താരതമ്യം ചെയ്താൽ മറ്റ് രോഗങ്ങളേക്കാൾ രോഗവ്യാപനം കൂടുതലുള്ള മഹാമാരിയാണ് കൊവിഡെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും ടിപിആർ കൂടിയ നിലയിലാണെന്നത് ഗൗരവമായി കാണേണ്ടതാണെന്നും, മറ്റേതെങ്കിലും വൈറസ് വകഭേദം കേരളത്തിൽ പടർന്നിട്ടുണ്ടോ എന്നത് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നാം തരംഗത്തിന്റെ വക്കിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞ കാര്യമാണ്. കേരളത്തിൽ നേരത്തെ ഉണ്ടായിരുന്ന ടിപിആർ വർധിച്ചിട്ടുണ്ട് ഇപ്പോൾ. എല്ലാ ജില്ലയിലും വർധനവിന്റെ നിലയാണ്. അത് ഗൗരവമായി കാണണം. ഇത് മൂന്നാം തരംഗമായി വിലയിരുത്താനായിട്ടില്ല. ഇതിൽ കൂടുതൽ പഠനം വേണ്ടിവരും. ഇവിടെ ഡെൽറ്റ വൈറസുണ്ട്. മറ്റേതെങ്കിലും വകഭേദം വന്നോയെന്ന് പരിശോധിച്ച് തിട്ടപ്പെടുത്തണം. അതീവ ഗൗരവമായി ഇതിനെ കാണണം. നല്ല രീതിയിലുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലനം പ്രധാനമാണ്. സെക്ടറൽ മജിസ്ട്രേറ്റുമാർ അടക്കം നേരത്തെ ഫലപ്രദമായി പ്രവർത്തിച്ചിരുന്നു. അത് തുടരണം. സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടത്ത് ചില ക്ലസ്റ്ററാണ്. അവിടെ പ്രത്യേകമായി മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനം നടപ്പിലാക്കാനാണ് ശ്രമം. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ സംവിധാനവും പൊലീസും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളും നല്ല നിലയിൽ ഉണർന്ന് പ്രവർത്തിക്കേണ്ട സാഹചര്യമാണ്.
നല്ല ജാഗ്രത നാം പാലിക്കേണ്ടതുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ ഘട്ടത്തിലും നമുക്ക് രോഗം ബാധിച്ച് രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിത്സാ സൗകര്യത്തിന്റെ പരിധി കവിഞ്ഞ് പോയിട്ടില്ല. അത് തന്നെയാണ് കേരളത്തിന്റെ കരുത്ത്. സമൂഹം ജാഗ്രത പാലിച്ച് പോകണം. ഒരാൾക്ക് രോഗം വന്നാൽ വീട്ടിൽ തുടരരുത്. തത്കാലം അവിടുന്ന് മാറണം. സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗിക്കണം. ഡിസിസി, സിഎഫ്എൽടിസി എന്നിവ ഉപയോഗിക്കണം. മറ്റ് രോഗമുള്ളവർ ആശുപത്രികളിൽ നേരിട്ട് പോകണം. അതെല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗപ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാൻ സമൂഹത്തിൽ കുറഞ്ഞത് 60 ശതമാനം പേർക്കെങ്കിലും വാക്സിൻ നൽകേണ്ടതുണ്ട്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിച്ചാൽ മൂന്നാം തരംഗം ഉണ്ടാകില്ല. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാകുകയല്ല ചെയ്യുന്നത്. കൊവിഡ് നിയന്ത്രണത്തിലുണ്ടാകുന്ന പാളിച്ചകളിലാണ് മൂന്നാം തരംഗം ഉണ്ടാകുന്നത്. വാക്സിനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഡെൽറ്റാ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതുകൊണ്ട് ചെറുതും വലുതുമായ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. എന്നാൽ മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം എന്ന ഗുരുതരമായ കൊവിഡാനന്തര സാധ്യത കുട്ടികളിൽ കാണുന്ന സാഹചര്യം പരിഗണിച്ച് അവരുടെ ചികിത്സയ്ക്കാവശ്യമായ തീവ്ര പരിചരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.