കോവിഡ് പല തോതിൽ ലോകരാജ്യങ്ങളെ വിടാതെ പിന്തുടരുകയാണ്. വ്യാപകമായി പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതിനിടെ ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗമെത്തിയിരിക്കുകയാണ്. ഫ്രാന്‍സില്‍ ഇപ്പോഴുള്ള കോവിഡ് വ്യാപനം നാലാം തരംഗമാണെന്ന് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് പറഞ്ഞു. കൂടുതൽ വ്യാപന ശേഷി ഉള്ളതും അപകടകരവുമായ ഡെൽറ്റ വകഭേദമാണ് ഫ്രാൻസിൽ പടരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫ്രാൻസിൽ മാത്രമാണ് ഇതു വരെ നാലാം തരംഗം ആരഭിച്ചത്.
2020 ഡിസംബറിലാണ് ആദ്യമായി ഇന്ത്യയിൽ ഡെൽറ്റ വകഭേദം കണ്ടത്തിയത്. ഡെല്‍റ്റ വകഭേദം മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്ര വ്യാപനശേഷിയുള്ളതാണെന്നും യു.എന്‍.ഹെല്‍ത്ത് ഏജന്‍സി അവരുടെ പ്രതിവാര എപ്പിഡമോളജിക്കല്‍ അപ്ഡേറ്റിലും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിലവില്‍ 124 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. നിലവില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കാണുന്ന വൈറസ് വകഭേദത്തില്‍ ഭൂരിഭാഗവും ഡെല്‍റ്റയാണ്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്, ചൈന, ഡെന്മാര്ക്ക്, ഇന്ത്യ, ഇസ്രയേല്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്. ആദ്യം ചൈനയിൽ കണ്ടത്തിയ കൊറോണ വൈറസിനേക്കാൾ വ്യാപന ശേഷിയുള്ള ആൽഫാ വകഭേദത്തിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപനശേഷി ഡെൽറ്റ വകഭേദത്തിനുണ്ട്. മറ്റ് കോവിഡ് വകഭേദങ്ങളുടെ അതെ ലക്ഷണങ്ങൾ തന്നെയാണ് ഡെൽറ്റ വകഭേദത്തിനും.
നാലാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മാർഗമെന്ന നിലയിൽ ഫ്രാന്‍സില്‍ വാക്സിൻ പാസ്പോർട്ട് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കു മാത്രം പൊതുഇടങ്ങളിൽ പ്രവേശനം നൽകുന്നതാണ് വാക്സിൻ പാസ്പോർട്ട് എന്ന പേരിൽ അറിയപ്പെടുന്ന ‘ആരോഗ്യ പാസ്’ സംവിധാനം. റെസ്റ്റൊറന്റുകൾ, കഫേകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളില്‍ ആരോഗ്യ പാസ് നിര്‍ബന്ധമാക്കി. യാത്രകള്‍ക്കും കോവിഡ് വാക്സിന് സ്വീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യമാകെ ലോക്ഡൌണ് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാനാണ് ആരോഗ്യ പാസ് പോലുള്ള നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതോടൊപ്പം ഫ്രഞ്ച് ജനതയുടെ 56 ശതമാനം, അതായത് 38 മില്യൺ മനുഷ്യർ ഒരു വാക്സിൻ ഡോസ് എങ്കിലും എടുത്ത് കഴിഞ്ഞു. 46 ശതമാനം പൗരന്മാർ രണ്ട് ഡോസ് വാക്സിനും എടുത്ത് കഴിഞ്ഞു.
ആരോഗ്യ പാസ് സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവരിലാണ് പുതുതായി രോഗബാധ കൂടുതലെന്നും അതുകൊണ്ടാണ് ഈ നടപടിയെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഫ്രാന്‍സില്‍ ഇന്നലെ 21000 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മേയ് മാസത്തിനു ശേഷം ഏറ്റവും ഉയർന്ന നിരക്കാണിത്.
അതേസമയം വാക്സിന് നിര്‍ബന്ധമാക്കുന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ആരോപണം. എന്നാല്‍ അലക്ഷ്യമായി വാഹനമോടിക്കുന്നതും ടാക്സ് വെട്ടിക്കുന്നതും റെസ്റ്റോറന്റില്‍ സിഗരറ്റ് വലിക്കുന്നതും നമ്മളെയും സമൂഹത്തെയും സംരക്ഷിക്കുന്ന വാക്സിന് സ്വീകരിക്കാതിരിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് ആരോഗ്യമന്ത്രി ഒലിവിയര്‍ പ്രതികരിച്ചു. രാജ്യത്ത് ജനസംഖ്യയുടെ 46 ശതമാനം പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.
ആരോഗ്യ പാസ് പ്രകാരം രണ്ടു ഡോസ് വാക്സിനെടുത്തെന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ആദ്യ ആഴ്ചയില്‍ താക്കീത് ചെയ്തുവിടും. അതിനുശേഷവും വാക്സിൻ സ്വീകരിക്കാത്തവർക്ക് 1500 യൂറോ പിഴ ചുമത്തും. കുട്ടികൾക്ക് വാക്സിന് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ല.