തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവര്‍ച്ചാ കേസിൽ അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. 625 പേജുള്ള കുറ്റപത്രത്തിൽ 22 പ്രതികളാണുള്ളത്. 216 സാക്ഷികൾ പട്ടികയിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന് സാക്ഷിപ്പട്ടികയിലുണ്ട്. മൊഴിയെടുപ്പിക്കാന്‍ വിളിച്ച എല്ലാ നേതാക്കളെയും സാക്ഷിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ ആരും പ്രതികളല്ല.
മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം തുടരുമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണം. കള്ളപ്പണ ഉറവിടം അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വേണം. തട്ടിയെടുത്ത പണം കണ്ടെത്താൻ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. കവർച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.