തിരുവനന്തപുരം: നിയമസഭയിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എംഎൽഎ. കരുവന്നൂരിൽ നടന്നത് നെറ്റ്ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന കൊള്ളയാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തട്ടിപ്പിന് പിന്നിൽ സിപിഎമ്മാണെന്നും ഷാഫി ആരോപിച്ചു.
കേട്ടുകേൾവിയില്ലാത്ത തട്ടിപ്പാണ് നടന്നത്. ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ സീരിസുകളാണ് പലരും കാണുന്നത്. ഇതിൽ തന്നെ മണി ഹെയ്സ്റ്റ് സീരിസുകൾക്കാണ് കൂടുതൽ പ്രേക്ഷകരുള്ളത്. ഇത്തരം പരമ്പരകളെ പോലും നാണിപ്പിക്കുന്ന തട്ടിപ്പാണ് കരുവന്നൂരിൽ നടന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ബാങ്ക് തട്ടിപ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയായിരുന്നു ഷാഫിയുടെ പ്രസംഗം. കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. രണ്ടര ജില്ലയിൽ മാത്രം പ്രവർത്തിക്കേണ്ട ബാങ്ക് തിരുവനന്തപുരം മുതൽ വയനാട് വരെ വായ്പ നൽകി. തട്ടിപ്പ് സിപിഎം പൂഴ്ത്തിയെന്നും ഷാഫി പറഞ്ഞു.