മുംബൈ: രാജ്യത്ത് തുടരുന്ന പേമാരി കൂടുതൽ പേരുടെ ജീവനെടുക്കുന്നു. മഹാരാഷ്ട്ര റായ്ഗഡിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണം 36 ആയി ഉയർന്നു. തലായില്‍ 32 പേരും സുതര്‍ വാഡിയില്‍ നാലുപേരുമാണ് മരിച്ചു. 30 പേര് ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
റായ്ഗഡ് മേഖലയില്‍ താഴ്ന്ന എല്ലാ പ്രദേശങ്ങളില്‍ വെള്ളം കയറി. ചിപ്ലുന് പട്ടണത്തില്‍ ഏഴ് അടിയോളം വെള്ളം ഉയര്‍ന്നു. കൊങ്കന്‍ മേഖലയില്‍ വെള്ളക്കെട്ട് ഉയര്‍ന്നതോടെ നിരവധി യാത്രക്കാരാണ് കുടുങ്ങികിടക്കുന്നത്. മുംബൈ ഗോവ ദേശീയപാത തല്‍ക്കാലത്തേക്ക് അടച്ചു.
തെക്കേഇന്ത്യയിലും മഴക്കെടുതിയില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തരകന്നഡയിലും തെലങ്കാനയുടെ വടക്കന്‍ ജില്ലകളിലും കനത്ത നാശനഷ്ടമാണുള്ളത്. ഹുബ്ലിയില്‍ ഒഴുക്കില്‍പ്പെട്ട് ആറ് യുവാക്കളെ കാണാതായി. തെലങ്കാനയില്‍ 16 ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമാണ്. വീട് തകര്‍ന്ന് വീണ് ആസിഫാബാദില്‍ മൂന്ന് പേര് മരിച്ചു.