വൊഡാഫോൺ-ഐഡിയയും, ടാറ്റ ഗ്രൂപ്പും നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. സർക്കാരിന് നൽകാനുള്ള എജിആർ( അഡ്ജസ്റ്റഡ് ഗ്രോസ് റെവെന്യൂ) പുനഃപരിശോധിക്കാനുള്ള ഹർജിയാണ് കോടതി തള്ളിയത്. എജിആർ കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷത്തെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നതായിരുന്നു ഹർജികളിലെ ആവിശ്യം. എല്ലാ വിധ ഹർജികളും തള്ളുന്നു എന്നാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് കേസിൽ വിധി പ്രസ്താവിച്ച് കൊണ്ട് പറഞ്ഞത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോടതി ടെലികോം കമ്പനികൾക്ക് എജിആർ കുടിശ്ശികയായ 93,520 കോടി രൂപ സർക്കാറിന് അടയ്ക്കാൻ പത്ത് വർഷം സമയം അനുവദിച്ചിരുന്നു. ഇതോടൊപ്പം സർക്കാരിന് അടയ്ക്കേണ്ട തുകയുടെ പത്ത് ശതമാനം 2021 മാർച്ച് 31 ന് മുൻപ് അടയ്ക്കാനും കോടതി നിർദേശിച്ചിരുന്നു.
ടെലികോം മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം എജിആർ കുടിശ്ശികയായി എയർടെൽ 43,000 കോടി സർക്കാരിന് അടയ്ക്കേണ്ടതായി ഉള്ളപ്പോൾ വൊഡാഫോൺ-ഐഡിയ അടയ്ക്കേണ്ടത് 50,000 കോടിയാണ്.
എജിആർ കുടിശിക കണക്കാക്കിയതിൽ പിശകുകൾ ഉണ്ടെന്നും അത് പുനഃപരിശോധിക്കണമെന്നും പറഞ്ഞായിരുന്നു ഈ വര്ഷം ജനുവരിയിൽ കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചത്.