ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണവൈറസിന്റെ B.1.617.2 എന്ന ഡെല്‍റ്റ വകഭേദം വൈകാതെ ലോകത്തെ തന്നെ പ്രബല കോവിഡ് വകഭേദമാകുമെന്ന് ലോകാരോഗ്യ സംഘടന. ഈ വകഭേദം നൂറിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്ന് കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കന്‍ ഏഷ്യ റീജണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ്ങ് പറഞ്ഞു.
അതേ സമയം യഥാര്‍ഥ കോവിഡ് വൈറസിനേക്കാൾ 40 മുതല്‍ 60 ശതമാനം വരെ വ്യാപനനിരക്ക് കൂടുതലാണ് ഡെല്‍റ്റ വകഭേദത്തിനെന്ന് ഇന്ത്യന്‍ സാര്‍സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം കണ്ടെത്തി. ഡെല്‍റ്റ വകഭേദത്തിന്റെ ഉള്‍പ്പിരിവുകളായ എവൈ1, എവൈ2 എന്നിവ ബാധിച്ച 55-60 കേസുകള്‍ മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ തിരിച്ചറിഞ്ഞതായി കണ്‍സോര്‍ഷ്യം സഹമേധാവി ഡോ. എന്‍. കെ. അരോറ പറഞ്ഞു. 2020 ഒക്ടോബറിലാണ് ഡെല്‍റ്റ വകഭേദം ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്പൈക് പ്രോട്ടീനുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ച ഡെല്‍റ്റ വകഭേദത്തിന് കോശങ്ങളുടെ പുറമേയുള്ള എസിഇ2 റിസപ്റ്ററുകളുമായി കൂടുതല്‍ നന്നായി ഒട്ടിപ്പിടിച്ചിരിക്കാന്‍ സാധിക്കും. ഈ പ്രത്യേകതയാണ് പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് കൂടുതല്‍ എളുപ്പം പരക്കാന്‍ വകഭേദത്തിനെ സഹായിക്കുന്നതെന്നും ഡോ. അരോറ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ കോവിഡ് രണ്ടാം വകഭേദത്തിനും പിന്നീട് ഈ വകഭേദം കാരണമായി. രാജ്യത്തെ പുതിയ കോവിഡ്19 കേസുകളില്‍ 80 ശതമാനത്തിന് മുകളില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചുള്ളവയാണ്.
ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പ്രോഗ്രാം വഴി ഇന്ത്യയ്ക്ക് 7.5 ദശലക്ഷം ഡോസ് മൊഡേണ വാക്സീന് വാഗ്ദാനം ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.