ന്യൂഡൽഹി: ആളുകളുടെ ഫോണുകൾ ഹാക്ക് ചെയ്ത് ചോർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ചെരുപ്പൂരി അടയ്ക്കണമെന്ന് എംഎൽഎയും രാജസ്ഥാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ ഗണേഷ് ഖോഗ്ര. രാജ്യത്ത് പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാർ സംശയത്തിന്റെ നിഴലിൽ നിൽക്കെയാണ് എംഎൽഎയുടെ പ്രതികരണം. ബിജെപിയുടെ ദല്ലാളാണ് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയെന്നും ഖോഗ്ര ആരോപിച്ചു.
റോക്കറ്റ് പോലെയാണ് ഇന്ന് വിലക്കയറ്റം. ഇന്ധന വില കുതിച്ചുയർന്നു. വിലക്കയറ്റം സാധാരണ ജനങ്ങളെ തകർത്തെറിഞ്ഞു. ഇന്ന് നമ്മുടെ രാജ്യം സ്വതന്ത്രത്തിന് മുമ്പത്തെ കാലഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും കോൺഗ്രസ് ജയ്പൂരിൽ നടത്തിയ റാലിയിൽ ഖോഗ്ര പറഞ്ഞു. നമ്മുടെ ചിന്തകളും സ്വകാര്യ സംഭാഷണങ്ങളുമെല്ലാം അവർ ടാപ്പ് ചെയ്തു. ആർക്കാണ് ഇത്തരം ദുഷ്പ്രവൃത്തി ചെയ്യാൻ സാധിക്കുക. ഇത് മോദിജിക്ക് ചെയ്യാൻ സാധിക്കും. അമിത് ഷാക്കും മോദിക്കും. അവരെ ചെരിപ്പൂരി അടിക്കണമെന്നും പെഗസസ് ഫോൺ ചോർത്തലിൽ ജുഷീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള റാലിക്കിടെ അദ്ദേഹം പറഞ്ഞു.
അതേസമയം, ഖോഗ്രയുടെ പ്രസംഗത്തിനെതിരെ രാജസ്ഥാൻ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസിൽനിന്ന് ഖോഗ്രയെ പുറത്താക്കണമെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുമാണ് ബിജെപി ആവശ്യം ഉന്നയിക്കുന്നത്.