ബീജിംഗ് : ചൈനയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് സൂചന.ഹെനാൻ പ്രവിശ്യയിലാണ് മഴ കനത്ത നാശം വിതയ്ക്കുന്നത്. ഇവിടെ നിന്ന് 3,760,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് 2,15,200 ഹെക്ടർ കൃഷിയാണ് നശിച്ചത്.
അപ്രതീക്ഷിതമായി വെള്ളം കയറിയതോടെ പലരും ഓഫീസുകളിലും സ്കൂളുകളിലും അപാർട്മെന്റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി. പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം തുറന്നുവിട്ടു. ഇവിടെ മൂന്നുദിവസത്തിനിടെ 640 മീല്ലിമീറ്റർ മഴയാണ് പെയ്തത്. സമീപകാലത്തെ ഏറ്റവും ഉയർന്ന അളവാണിതെന്നാണ് റിപ്പോര്‍ട്ട്.
നഗരത്തിൽ മെട്രോ ട്രെയിൻ സർവീസ് നടത്തുന്ന സബ്വേയിൽ പ്രളയജലം കയറിയത് ആളുകളെ ഭീതിയിലാക്കി. ട്രെയിൻ കമ്പാർട്മെന്റിൽ വെള്ളം കയറിയതോടെ കഴുത്തറ്റം വെള്ളത്തിൽ മരണം മുന്നിൽകണ്ട് ഏറെനേരം നിന്നതിനൊടുവിലാണ് യാത്രക്കാരെ രക്ഷപ്പെടുത്താനായത്. പത്തോളം ട്രെയിനുകള്‍ പാതിവഴിയില്‍ നിര്‍ത്തി. ആറു പതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന തോതിലുള്ള മഴയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത്.