ന്യൂഡല്‍ഹി: പെഗഗസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടിക പുറത്ത്. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ പേരും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രാൻസുമായി ചർച്ച നടത്തുകയും ഇന്ത്യയിലെ പദ്ധതിയുടെ പങ്കാളിയായി റിലയൻസിനെ ഉൾപ്പെടുത്തുകയും ചെയ്ത സമയത്തെ കോളുകളാണ് ചോർന്നത് എന്നാണ് വിവരം.
അനില്‍ അംബാനിക്ക് പുറമെ അദ്ദേഹത്തിന്റെ കമ്പനിയുടെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും ഭാര്യയുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നും ‘ദി വയര്‍’ റിപ്പോര്‍ട്ടു ചെയ്തു.
റഫാല്‍ കരാര്‍ അടക്കമുള്ളവയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സുപ്രധാന വെളിപ്പെടുത്തല്‍. റഫാല്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയുടെ ഫോണും ചോര്‍ത്തി.
അനില്‍ അംബാനി നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ നിരീക്ഷിക്കപ്പെട്ടവയുടെ പട്ടികയില്‍ ഉണ്ടോ എന്നകാര്യം വ്യക്തമല്ല. സാബ് ഇന്ത്യയുടെ മുന്‍ തലവന്‍ ഇന്ദ്രജിത്ത് സിയല്‍, ബോയിങ് ഇന്ത്യ മേധാവി പ്രത്യുഷ് കുമാര്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. 2018 നും 19 നും ഇടയില്‍ വിവിധ കാലഘട്ടങ്ങളിലാണ് ഇവരുടെ ഫോണുകള്‍ ചോര്‍ത്തിയത്.
അതേസമയം പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ പാര്‍ലിമെന്റ് ഐടി സമിതി ഇടപെടുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം, ഐടി മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ സമിതി വിളിച്ചു വരുത്തും. ശശി തരൂര്‍ അധ്യക്ഷനായ സമിതി അടുത്ത ആഴ്ച ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും.