ടോക്യോ: ഒളിമ്പിക് ഫുട്ബോളില്‍ ഗ്രൂപ്പ് സി മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് അർജൻ്റീനയെ കീഴ്പ്പെടുത്തി ഓസ്ട്രേലിയ. ലാക്ലൻ വെയിൽസ്, മാർകോ ടിലിയോ എന്നിവരാണ് ഗോൾ സ്കോറർമാർ. ആദ്യ പകുതിയുടെ അവസാനത്തിൽ ലെഫ്റ്റ് ബാക്ക് ഫ്രാൻസിസ്കോ ഓർടെഗ ചുവപ്പ് കണ്ടു പുറത്തുപോയതാണ് അർജൻ്റീനക്ക് തിരിച്ചടി ആയത്.
14-ാം മിനിറ്റില്‍ വെയ്ല്‍സിലൂടെ ഓസ്ട്രേലിയ ലീഡെടുത്തു. ഈ ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആദ്യ പകുതിയുടെ അവസാനം രണ്ടു മഞ്ഞക്കാര്‍ഡുകള്‍ വാങ്ങി ഒര്‍ട്ടേഗ പുറത്തായി.
ഇതോടെ ഓസ്ട്രേലിയ മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു. 80-ാം മിനിറ്റില്‍ മാര്‍കോ ടിലിയോയിലൂടെ ഓസ്ട്രേലിയ രണ്ടാം ഗോളും നേടി. ഗ്രൗണ്ടിലിറങ്ങി 30 സെക്കന്റിനുള്ളിലാണ് ടിലിയോ ഗോള്‍ കണ്ടെത്തിയത്.
രണ്ടാം മത്സരത്തില്‍ ഈജിപ്താണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഈജിപ്തിനെ കൂടാതെ സ്പെയിനും അര്‍ജന്റീനയുടെ ഗ്രൂപ്പിലുണ്ട്.