പ്രശസ്ത സിനിമാതാരം പ്രിയാമണിയും ഭർത്താവ് മുസ്തഫ രാജുമായുള്ള വിവാഹം അസാധുവാണെന്ന ആരോപണം. മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആദ്യ വിവാഹം മുസ്തഫ നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആയിഷയുടെ ഹർജിയിൽ പറയുന്നു. പ്രിയാമണിക്കും മുസ്തഫയ്ക്കും എതിരെ ക്രിമിനൽ കേസാണ് ആയിഷ നൽകിയിരിക്കുന്നത്. മുസ്തഫക്കെതിരായി ഗാർഹികപീഡനക്കേസും ആയിഷ ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം ആയിഷയുടെ ആരോപണങ്ങൾ നിഷേധിച്ച് മുസ്തഫ രംഗത്തുവന്നു. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് കേസിനു പിന്നിലെന്ന് മുസ്തഫ പറയുന്നു.
പ്രിയാമണിയും മുസ്തഫയും 2017 ഓഗസ്റ്റിലാണ് വിവാഹിതരായത്. പ്രിയാമണിയെ വിവാഹം കഴിക്കുമ്പോൾ മുസ്തഫയ്ക്ക് ആയിഷയുമായുള്ള ബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്.
‘മുസ്തഫ ഇപ്പോഴും നിയമപരമായി എന്റെ ഭർത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം നടക്കുമ്പോൾ ഞങ്ങൾ വിവാഹമോചനത്തിന് അപേക്ഷ പോലും നൽകിയിട്ടില്ല, പ്രിയാമണിയെ വിവാഹം കഴിക്കുമ്പോൾ താൻ അവിവാഹിതനാണെന്ന് മുസ്തഫ കോടതിയിൽ സ്വയം പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.’ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിഷ പറയുന്നു.
‘ആയിഷയുടെ ആരോപണങ്ങൾ തെറ്റാണ്. കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക ഞാൻ മുടങ്ങാതെ നൽകുന്നുണ്ട്. ആയിഷ എന്റെ കയ്യിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്.’– മുസ്തഫ പറയുന്നു. ആയിഷയും താനും 2010 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2013 ൽ വിവാഹമോചനം നേടിയതാണ്. പ്രിയാമണിയുമായുള്ള തന്റെ വിവാഹം നടന്നത് 2017 ലാണെന്നും അത് നിയമവിരുദ്ധമാണെങ്കിൽ ആയിഷ എന്തുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും മുസ്തഫ ചോദിക്കുന്നു.
‘രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയിൽ എനിക്ക് എന്തുചെയ്യാൻ കഴിയും? ഞാൻ ഈ പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. അത് സാധിക്കാതെ വന്നപ്പോഴാണ് എല്ലാം തുറന്നുപറയാൻ തയാറായത്. കേസിനു പിറകേ പോയി സമയം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.’– ഇതായിരുന്നു മുസ്തഫയുടെ ആരോപണത്തിന് ആയിഷ പ്രതികരണം. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ മുസ്തഫ തയാറായിട്ടില്ല.