സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് അധികം വൈകാതെ സാധ്യമാകുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്വബാഹ് വ്യക്തമാക്കി. കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ആരോഗ്യപ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇത് സാധ്യമാക്കിയതതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൈവാനുഗ്രഹത്താല്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ കുവൈത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്മുറികളില്‍ ഇരുന്നു പഠനം നടത്താനുള്ള അവസരം ഉണ്ടാകും. പ്രതിരോധ കുത്തിവെപ്പ് യജ്ഞം ത്വരിതപ്പെടുത്തുന്നതിലൂടെ അടുത്ത രണ്ടു മാസത്തിനുള്ളില്‍ സാമൂഹ്യപ്രതിരോധ ശേഷി എന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമന്ത്രി ഡോ.ബാസില്‍ അസ്വബാഹ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ മുസ്തഫ റിദ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വിവിധ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി.