തിരുവനന്തപുരം:മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭക്ക് പുറത്തും പ്രതിഷേധം ശക്തം. യുവമോർച്ച നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. വീണ്ടും പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ശ്വാസതടസം അനുഭവപ്പെട്ട പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
സഭ ആരംഭിച്ചതോടെ നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.അതിനിടെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പൂവൻ കോഴിയുമായായായിരുന്നു പ്രതിഷേധ൦.
അതിനിടെ മന്ത്രി ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കുണ്ടറയിലെ യുവതി അറിയിച്ചു. സ്വമേധയാ ആണ് ഗവർണർക്ക് പരാതി നൽകുന്നതെന്ന് വ്യക്തമാക്കിയ അവർ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും കൂട്ടിച്ചേർത്തു. മന്ത്രിക്കെതിരായ പരാതിയിൽ നിന്നും പിന്മാറില്ല. പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണെന്നും യുവതി വിമർശിച്ചു.