തിരുവനന്തപുരം: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി പുറത്തിറക്കുന്ന ഓരോ ഉത്തരവുകളും വിദ്യാര്‍ത്ഥി വിരുദ്ധവും, അവരുടെ ഭാവിയെ ഹാനികരമായി ബാധിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
KTU വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ ഓണ്‍ലൈന്‍ മോഡിലാകണമെന്ന് ആവശ്യപ്പെട്ട് NSUI നാഷണല്‍ സെക്രട്ടറി എറിക് സ്റ്റീഫന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ ആരംഭിച്ച നിരാഹാര സമര പന്തലില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സര്‍വകലാശാല അടുത്തിടെ നടത്തിയ ഓഫ്ലൈന് മോഡ് പരീക്ഷകള്‍ വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളുടെയും ജീവനെ തന്നെ ബാധിച്ചിരിക്കുന്നു. പല ജില്ലകളിലായി പരീക്ഷ എഴുതിയ ഇരുപതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് ബാധിച്ചത്. തുടര്‍ന്ന് ഇവരുടെ കുടുംബാഗങ്ങള്‍ക്കും കോവിഡ് ബാധിച്ചു. ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ സര്‍വകലാശാല തയാറാകണം. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യം വൈസ് ചാന്‍സിലര്‍ അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.