ടോക്യോ: ടോക്യോ ഒളിംപിക്സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്സിന്റെ പ്രത്യേകത.
കോവിഡ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി പതിവ് ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. കാണികളെ പൂര്‍ണമായും അകറ്റിനിര്‍ത്തും. സാമൂഹിക അകലം ഉറപ്പാക്കാന്‍ മാര്‍ച്ച് പാസ്റ്റിലും താരസാന്നിധ്യം കുറക്കും. 11090 അത്ലറ്റുകള് ഒറ്റലക്ഷ്യത്തിനായി ഇറങ്ങുമ്പോള്‍ ടോക്യോ ലോകത്തോളം വലുതാവും.
ഈ ഒളിംപിക്സ് ലിംഗനീതിയില്‍ ചരിത്രംകുറിക്കും. എല്ലാ ടീമുകള്‍ക്കും ആദ്യമായി പതാകവാഹകരായി പുരുഷ വനിതാ താരങ്ങളുണ്ടാവും. ഒളിംപിക് പ്രതിജ്ഞാ വാചകം ചെല്ലുന്നതിലും ഇത്തവ സ്ത്രീസാന്നിധ്യം ഉറപ്പാക്കി. മുന്‍ ഒളിംപിക്സുകളില്‍ ആതിഥേയ രാജ്യത്തെ ഒരുതാരവും ഓരോ പരിശീലകനും റഫറിയുമാണ് പ്രതിജ്ഞാ വാചകം ചൊല്ലാറുള്ളത്. ഇത്തവണ ഇവര്‍ക്കൊപ്പം മൂന്ന് വനിതകള്‍കൂടിയുണ്ടാവും.