ബംഗളൂരു: കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ ഓക്സിജന്റെ ക്ഷാമം മൂലം 36 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കര്‍ണാടക ഹൈക്കോടതി രൂപീകരിച്ച കര്‍ണാടക സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ സംസ്ഥാനതല സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്.
മേയ് നാലിനും മേയ് 10 നും ഇടയില്‍ ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത 62 മരണങ്ങളില്‍ 36 പേര് മരണമടഞ്ഞത് ഓക്സിജന്റെ അഭാവം മൂലമാണെന്നാണ് സമിതി കണ്ടെത്തിയത്.
എന്നാല്‍ പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിനെ നിഷേധിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വത് നാരായണന് രംഗത്തെത്തി. പല സ്ഥലങ്ങളിലും ഓക്സിജന്‍ സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം അടിസ്ഥാനപരമായ വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും ഓക്സിജന്‍ ലഭ്യമായിരുന്നെന്ന് അശ്വത് നാരായണന് പറഞ്ഞു.
സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായിരുന്നില്ല. ഓക്സിജന്റെ കുറവാണോ അതോ അശ്രദ്ധയാണോ മരണത്തിന് കാരണം എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.