ഫിറോസാബാദ്: കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പ്രെഫസര്‍ കോടതിയില്‍ കീഴടങ്ങി. എസ്ആര്‍കെ കോളജ് ചരിത്രവിഭാഗം മേധാവിയായ പ്രൊഫ. ശഹര്‍യാര്‍ അലിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുമ്ബാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ച് കീഴടങ്ങിയത്.
അതേസമയം, പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയ കോടതി പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാര്‍ച്ചിലാണ് അലിക്കെതിരെ ഫിറോസാബാദ് പോലീസ് കേസെടുത്തത്. അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശഹര്‍യാര്‍ അലി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അലഹബാദ് ഹൈക്കോടതിയില്‍ പ്രൊഫസര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു.
അതേസമയം, കേസെടുത്തതിന് പിന്നാലെ അലിയെ എസ്ആര്‍കെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.