തിരുവനന്തപുരം: കുണ്ടറ പീഡന പരാതിയില്‍ പൊലീസിന് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കും. ദക്ഷിണ മേഖല ഐജി ഹർഷിതയ്ക്കാണ് അന്വേഷണ ചുമതല. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി അനിൽകാന്ത് നിര്‍ദ്ദേശം നല്കി. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
കേസ് മന്ത്രി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടെന്ന വിവരം പുറത്തുവന്നതിനെ തുടർന്നാണ് പീഡന സംഭവം വിവാദമായത്. ആരോപണ വിധേയനായ ജി പത്മാകരൻ, കുണ്ടറ സ്വദേശിയായ രാജീവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പരാതിക്കാരിയുടെ പിതാവിനെ ഫോണിൽ വിളിച്ചാണ് മന്ത്രി ഒത്തുതീർപ്പ് ആവശ്യപ്പെട്ടത്. പരാതി നല്ല രീതിയിൽ തീർക്കണമെന്ന് മന്ത്രി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.
പത്മാകരൻ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനിൽ ജൂൺ 27 ന് നൽകിയ പരാതി. പരാതി നൽകിയതിനു ശേഷം പലതവണ സ്ത്രീ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും എഫ്ഐആർ ഇടുകയോ മൊഴിയെടുക്കുകയൊ ചെയ്തില്ല. ലോട്ടറിവില്പന നടത്തുന്ന സ്ത്രീ കുണ്ടറ പെരുമ്പുഴയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഉണ്ടായില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത ആയപ്പോഴാണ് പൊലീസ് ഉണര്‍ന്നതെന്നും പരാതിക്കാരി ന്യൂസ് അവറില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.