ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ വീഴ്ത്തിയ ഒാപ്പറേഷന് താമരയ്ക്കും പെഗസസ് ഉപയോഗിച്ചതായി ആരോപണം. മുന്‍ മുഖ്യമന്ത്രിമാരായ എച്ച്.ഡി കുമാരസ്വാമി, സിദ്ധരാമയ്യ, മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നീ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. പെഗസസ് വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.
2019 ല്‍ കര്‍ണടകയിലെ സഖ്യസര്‍ക്കാര്‍ വീണതിന് പിന്നില്‍ പെഗസസ് ഫോണ്‍ ചോര്ത്തലാണെന്നാണ് പുറത്തുവരുന്ന വിവരം. ഈ സമയത്ത് മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി കുമാരസ്വാമിയുടെ പേഴ്സണല്‍ സെക്രട്ടറി സതീഷിന്റെയും അന്ന് ഉപമുഖ്യമന്ത്രിയായരുന്ന ജി. പരമേശ്വരയുടെയും ഫോണ്‍ ചോര്‍ത്തി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യുടെ പേഴ്സണല്‍ സെക്രട്ടറി വെങ്കിടേഷിന്റെയും പേര് ലിസ്റ്റിലുണ്ട്. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ സുരക്ഷാ ജീവനക്കാരന്റെയും ഫോണ്‍ ചോര്‍ത്തിയതായാണ് ദ വയര്‍ ഉള്‍പ്പെടെയുള്ള 17 മാധ്യമങ്ങളുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
2019 ജൂലൈ 23 നാണ് ജെഡിഎസ്– കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണത്. ബിജെപിയുടെ ചാരപ്രവര്‍ത്തിയാണ് ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭരണകക്ഷിയില്‍പെട്ട 17 എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. കേവലം 14 മാസം നീണ്ടുനിന്ന സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ താഴെയിറക്കിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളെ രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ദി വയറാണ് പുറത്തുവിട്ടത്. ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി തുടങ്ങിയവര്‍ ഉണ്ടെന്നാണ് വിവരം. രാഹുല്‍ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ ലക്ഷ്യംവച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടന്ന് വരുന്ന സമയത്ത്, 2018,19 കാലഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത്. രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായിരുന്നു അന്ന്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്ന അലേര്‍ട്ട് മെസേജ് വന്നിരുന്നു. അന്നത് വിവാദമായിരുന്നു. രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി ബന്ധമുള്ള അഞ്ച് പേരുടെ ഫോണും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.
രാഹുലിനും പ്രിയങ്കയ്ക്കും പുറമെ, അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിംഗ് പട്ടേല്‍, വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് കച്ച്റൂ, പ്രവീണ്‍ തോഗാഡിയ, സഭയില്‍ വിശദീകരണം നല്കിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഫോണും ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെഗാസസ് ചാരവൃത്തി; കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഫോണ്‍ ചോര്‍ത്തി