വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രത്തിലെ കോളമിസ്റ്റും സൗദിയിലെ ഒരു ടെലിവിഷന്‍ ചാനലിന്റെയും പത്രത്തിന്റെയും എഡിറ്ററുമായിരുന്ന ജമാല്‍ ഖഷോഗി എന്ന 59 കാരൻ 2018 ഒക്‌ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റ് സന്ദർശിച്ചു. ഇസ്താംബുളിലെ ഒരു സര്‍വകലാശാലയില്‍ ഗവേഷകയായ 36-കാരി ഹാറ്റിസ് സെംഗിസിനെ വിവാഹം കഴിക്കാന്‍ ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുകയായിരുന്നു ഖഷോഗിയുടെ ലക്ഷ്യം. ഖഷോഗി കോണ്‍സുലേറ്റിലേക്ക് പോകുന്നത് സി സി ടി വി ദൃശ്യങ്ങളിലടക്കം പതിഞ്ഞിരുന്നു. പക്ഷെ, തിരികെ വരുന്നത് ആരും കണ്ടില്ല. അദ്ദേഹം തിരികെയെത്തിയതുമില്ല. ശേഷം 13 ദിവസങ്ങള്‍ പിന്നിട്ടു. തുര്‍ക്കി, സൗദി അധികൃതര്‍ കോണ്‍സുലേറ്റിൽ ഒരു പരിശോധന നടത്തി. ഇത് ചെന്നെത്തിയത് ഞെട്ടിക്കുന്ന ചില വസ്തുതകളിലേക്ക്. ഖഷോഗി കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടുവെന്നും തെളിവുകള്‍ നീക്കം ചെയ്തുവെന്നുമായിരുന്നു തുര്‍ക്കി അധികൃതരുടെ കണ്ടെത്തൽ. തുടക്കത്തില്‍ തങ്ങളുടെ പങ്കാളിത്തം സൗദി അറേബ്യ നിഷേധിച്ചു. പിന്നീട് സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവ് പ്രകാരം ഖഷോഗിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന സത്യം ചുരുളഴിഞ്ഞു. ഖഷോഗി മുഹമ്മദ് ബിന്‍ സല്‍മാന്റെയും സൗദി ഭരണകൂടത്തിന്റെയും നിശിത വിമര്‍ശകനായതിനാൽ കൊലപാതകത്തിനുള്ള പ്രകോപനം സുവ്യക്തം.
എന്നാൽ ഒന്നും ഇവിടംകൊണ്ട് അവസാനിച്ചില്ല. 2018 ഡിസംബറില്‍ ക്യാനഡയിലെ മോണ്‍ട്രിയോള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൗദി ആക്ടിവിസ്റ്റ് ഒമര്‍ അബ്ദുള്‍ അസീസ്, ഇസ്രായേല്‍ സൈബര്‍ സെക്യൂരിറ്റി ഇന്റലീജന്‍സ് ഗ്രൂപ്പായ എന്‍.എസ്.ഒയ്‌ക്കെതിരെ ടെല്‍ അവീവിലെ കോടതിയില്‍ ഒരു പരാതി നല്‍കി. 2018 ഓഗസ്റ്റിൽ താനും സുഹൃത്തായ ഖഷോഗിയും തമ്മില്‍ നടന്ന സംഭാഷണം ചോര്‍ത്തപ്പെട്ടിരിക്കുന്നു. പിന്നിൽ എന്‍എസ്ഓയുടെ ‘പെഗാസസ്’ എന്ന സോഫ്റ്റ്‌വെയറാണെന്നായിരുന്നു അബ്ദുൽ അസീസിന്റെ പരാതി.
എന്നാൽ ‘പെഗാസസ്’ എന്ന പേര് ഇതിനു മുൻപ് ചിത്രത്തിലുണ്ട്. 2016ലാണ് യുഎഇയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹമ്മദ് മന്‍സൂര്‍ തന്റെ ഐഫോണ്‍ ചോര്‍ത്തുന്നു എന്ന പരാതിയുമായി രംഗത്തെത്തിയത്. 2018 സെപ്റ്റംബറില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടൊറൊന്റോയിലെ മങ്ക് സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ അഫയേഴ്‌സ് ആന്‍ഡ് പബ്ലിക് പോളിസിയിലെ ദി സിറ്റിസണ്‍ ലാബ്, പെഗാസസ് ഏതു വിധത്തിലാണ് ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നത് പുറത്തുവിട്ടു. 45 രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 2019 മെയിലാണ് പെഗാസസ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. വാട്‌സ്ആപ് വഴി വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെയായിരുന്നു അത്. വാട്‌സ്ആപ് തങ്ങളുടെ സുരക്ഷാകാര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഇന്ത്യയിലെ 24 പേരുടെയെങ്കിലും ഫോണുകളിൽ നിന്ന് പെഗാസസ് വഴി വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് അമേരിക്കയിലെ ഒരു കോടതിയില്‍ വാട്‌സ്ആപ് ഒക്‌ടോബര്‍ 29-നു നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്‍എസ്ഒയെ വാട്‌സ്ആപ് ഇക്കാര്യത്തില്‍ പ്രതിയാക്കുകയും ചെയ്തു.
എന്നാൽ ഇവിടെയും അവസാനമായില്ല. ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ 16 മാധ്യമ സ്ഥാപനങ്ങൾ ചേർന്ന് ഒരന്വേഷണത്തിന് പദ്ധതിയിട്ടു. ദി ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ് തുടങ്ങി പ്രശസ്ത സ്ഥാപനങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്ന് ദി വയറും അന്വേഷണത്തിൽ പങ്കാളിയായി. ഇത് സുപ്രധാനമായ വഴിത്തിരിവിൽ ചെന്നെത്തിയിരിക്കുകയാണ് 2021 ജൂലൈയിൽ. പെഗാസസ് പ്രൊജക്ട് എന്ന പേരിലായിരുന്നു മാധ്യമങ്ങളുടെ നീക്കം. പത്തോളം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും ഭരണകൂടങ്ങളാണ് ഇതിന് പിന്നിലെന്നും മാധ്യമങ്ങള്‍ കണ്ടെത്തി. അതിൽ ഒന്ന് ഇന്ത്യയും. രാജ്യത്ത് രണ്ട് കേന്ദ്രമന്ത്രിമാരുടേതുള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാർത്ത അത്ര നിസ്സാരമല്ല. ഇന്ത്യയുടെ പുരോഗതി ദഹിക്കാത്ത ചില ശക്തികൾ രാജ്യത്തിന്റെ വികസനയാത്രയ്ക്ക് വിഘ്നം വരുത്താൻ കച്ചകെട്ടി പുറപ്പെട്ടതാണെന്ന് എത്രയൊക്കെ പറഞ്ഞു പഠിപ്പിച്ചാലും സത്യത്തിന്റെ വികൃതമായ മുഖം ഒളികണ്ണെറിഞ്ഞ് എതിരാളികളെ കുടുക്കാൻ വല നെയ്യുന്ന. ഭരണകൂടത്തിന്റെതാകുമെന്നതിൽ സംശയമില്ല. അതിനുള്ള തെളിവുകൾ ഇതിനോടകം തന്നെ വെളിച്ചത്തായിക്കഴിഞ്ഞു. എങ്ങനെയാണ് പെഗാസസ് കേന്ദ്രത്തിനു പ്രതിസന്ധിയാകുന്നത്? എന്തൊക്കെയാകും ‘ചാര രാജാവ്’ സൃഷ്ടിക്കാനിരിക്കുന്ന രാഷ്ട്രീയ ഗതിവിഗതികൾ?
പെഗാസസ്; എന്ത്? എന്തിന്?
സുപ്രീം കോടതി ജഡ്ജിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയും ഇന്ത്യാ ടു ഡേ, ഹിന്ദുസ്ഥാൻ ടൈംസ്, ന്യൂസ് 18, ദി ഹിന്ദു എന്നിവിടങ്ങളിലെ നാല്‍പതോളം മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടത്. പാരിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ ഫോര്‍ബിഡണ്‍ സ്റ്റോറീസും ആംനസ്റ്റി ഇന്റര്‍നാഷണലുമാണ് ഡാറ്റബേസ് കണ്ടെത്തുന്നത്. തുടര്‍ന്ന് ദ വയര്‍, ലേ മോന്‍ഡേ, ദ ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ഡി സെയ്റ്റ്, സുദാച്യുചേ സെറ്റങ്ങ് തുടങ്ങിയ മാധ്യമങ്ങളുമായും മെക്സിക്കന്‍, അറബ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് മാധ്യമസ്ഥാപനങ്ങളുമായും ഈ വിവരങ്ങള്‍ പങ്കുവെച്ചു. ഡാറ്റ ബേസിലുള്ള ഫോണ്‍ നമ്പറുകളില്‍ ഭൂരിഭാഗവും പ്രധാനമായും 10 രാജ്യങ്ങളില്‍ നിന്നുള്ളതാണ്. ഇന്ത്യ, അസര്‍ബൈജാന്‍, ബഹ്റൈന്‍, ഹംഗറി, കസാഖിസ്ഥാന്‍, മെക്സികോ, മൊറോക്കോ, റുവാണ്ട, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയാണ് ഈ രാജ്യങ്ങള്‍. പെഗാസസ് പ്രവര്‍ത്തിക്കുന്ന പ്രധാന മേഖലകളാണിവ. ഇന്ത്യയിൽ അമ്പതിനായിരത്തിലേറെ സ്മാര്‍ട്ട്ഫോണ്‍ നമ്പറുകളെ ഉന്നമിട്ടിരുന്നതായും 67 ഫോണുകളെ പെഗാസസ് വഴി ബന്ധിപ്പിച്ചിരുന്നതായും 23 എണ്ണത്തെ വരുതിയിലാക്കിയിരുന്നതായും മാധ്യമങ്ങള്‍ കണ്ടെത്തി. 14 ഫോണുകള്‍ സോഫ്റ്റ്‌വെയറിന് കീഴ്പ്പെട്ടതിന്റെ സിഗ്നലുകള്‍ കാണിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. എങ്കിൽ, എന്താണ് പെഗാസസ് ? പെഗാസസ് മാൽവെയർ ബാധ എത്രത്തോളം ഗുരുതരമാണ് ?
ഇസ്രായേല്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ എന്‍എസ്ഒ നിർമിച്ച, ലോകത്തെ ഏറ്റവും ശക്തമായ സ്പൈവെയറുകളിൽ ഒന്നാണ് പെഗാസസ്. സമാന ചാരസോഫ്റ്റ്വേറുകളെ അപേക്ഷിച്ച് പെഗാസസിനുള്ള ഒന്നാമത്തെ പ്രത്യേകത ഉപഭോക്താവിന്റെ ഇടപെടലില്ലാതെ നുഴഞ്ഞുകയറുന്നതിനുള്ള വൈഭവമാണ്. രണ്ടാമത്, കയറിക്കൂടിയാലും തിരിച്ചറിയാരിക്കാൻ എടുത്തിട്ടുള്ള മുൻകരുതലാണ്. കൂടുതൽ ബാറ്ററി ഉപയോഗമോ പ്രവർത്തിക്കുമ്പോൾ എന്തെങ്കിലും പ്രത്യേകതകളോ ഇല്ല എന്നുമാത്രമല്ല പുതിയ പ്രോഗ്രാമുകൾ ഫോണിലോ കംപ്യൂട്ടറിലോ ഉണ്ടോയെന്ന് പരിശോധിച്ച് ഉള്ളവയുടെ മുഴുവൻ ലിസ്റ്റ് നൽകുന്ന സംവിധാനങ്ങളിലും പെഗാസസുള്ള വിവരം പ്രത്യക്ഷപ്പെടാറില്ല. ആപ്പിളിനെ ലക്ഷ്യമിട്ടാണ് പെഗാസസ് നിർമിച്ചതെങ്കിലും ആൻഡ്രോയ്ഡിലും ബ്ലാക്ക് ബെറിയിലും ഇത് പ്രവർത്തിക്കും. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്ന ഈ ദുഷ്ടപ്രോഗ്രാം ഫോൺകോളുകൾ, മെസേജുകൾ, ഫോട്ടോകൾ, ക്യാമറ, മൈക്രോഫോൺ, ഇമെയിൽ, കലണ്ടർ, എസ്എംഎസ്, ലൊക്കേഷൻ, നെറ്റ്വർക്ക് ഡീറ്റെയിൽസ്, സെറ്റിങ്സ്, ബ്രൗസ് ഹിസ്റ്ററി, കോൺടാക്ട്സ് തുടങ്ങിയ സമസ്തമേഖലകളേയും കൈക്കലാക്കും. ആരുമറിയാതെ ക്യാമറ പ്രവർത്തിപ്പിച്ച് ഇന്റർനെറ്റ് വഴി അത് കൈമാറുന്ന വിരുതനാണ് എന്നു പറഞ്ഞാൽ പെഗാസസ് എത്രത്തോളം അപകടകാരിയാണ് എന്നു മനസിലാക്കാം.
ഇമെയിൽ വഴിയും എസ്എംഎസ് ലിങ്ക് വഴിയും പെഗാസസ് സ്മാർട്ഫോണിൽ കടത്തിവിടാം. ഇന്റർനെറ്റുമായി ആ ഫോൺ ബന്ധിച്ചിരുന്നാൽ മാത്രം മതി. പെഗാസസ് സ്മാർട്ഫോണിൽ ചാരപ്പണി നടത്തുമ്പോൾ ഫോൺ സ്ലോ ആകുകയോ എന്തെങ്കിലും മാറ്റം സംഭവിക്കുന്നതായി നമുക്ക് തോന്നുകയോ ഇല്ല. ചാരപ്പണി കഴിഞ്ഞാൽ പെഗാസസ് തനിയെ അപ്രത്യക്ഷമാകും. ഫോണിന്റെ ചരിത്ര രേഖകളിൽ ഒരു തെളിവും അവശേഷിപ്പിക്കില്ല.
ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണ വില്‍സണ്‍ന്റെ കംപ്യൂട്ടറില്‍ കെട്ടിച്ചമച്ച തെളിവുകള്‍ ഹാക്കര്‍ മുഖാന്തരം തിരുകി കയറ്റിയതാണെന്ന് അമേരിക്കന്‍ ഫോറന്‍സിക് ലാബായ ആഴ്‌സണല്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ ലാപ്‌ടോപില്‍ നിന്ന് കണ്ടെത്തിയ പത്തോളം കത്തുകള്‍ ഇവ്വിധം അനധികൃതമായി തിരുകി കയറ്റിയവയാണെന്നാണ് അമേരിക്കന്‍ ഫോറന്‍സിക് ഫേം പറയുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനി ബാബു, അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ സ്റ്റാന്‍ സ്വാമി തുടങ്ങിയവരും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരാണ് ഈ ചാരപ്പണിക്ക് വിധേയരായവർ എന്നത് തീർച്ചയായും ആരാണ് ചാരപ്പണി നടത്തുന്നത് എന്നുള്ളതിനും അവരുടെ ലക്ഷ്യം എന്ത് എന്നതിനും ചൂണ്ടുപലകയാണ്. ഇനിയും ഖഷോഗിമാരെ സൃഷ്ടിക്കാൻ പോകുന്ന വെറുമൊരു ചാവേറു മാത്രമാണ് പെഗാസസ്.
നല്ല പിള്ള ചമയാനാകുമോ കേന്ദ്രത്തിന്?
അംഗീകൃത സര്‍ക്കാരുകളുമായി മാത്രമേ തങ്ങള്‍ പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയര്‍ വില്‍പന നടത്താറുള്ളൂവെന്ന് എന്‍എസ്ഒ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ 36 സര്‍ക്കാരുകളുമായി എന്‍എസ്ഒയ്ക്ക് ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. ലീക്ക് ചെയ്യപ്പെട്ട അമ്പതിനായിരം ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ പേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇന്ത്യയില്‍ നിന്ന് ഫോറന്‍സിക് അനാലിസിസ് ചെയ്ത ഫോണുകളില്‍ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തതോടെ സർക്കാർ പ്രതിക്കൂട്ടിലായിക്കഴിഞ്ഞു.
ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടിലും ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ആക്ടിലും നിയമവിധേയമായി ഇന്റര്‍സെപ്ഷന്‍ നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ രാജ്യത്തും ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിയമങ്ങളാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ ഐ.ടി. ആക്ട് പ്രകാരം ഏതെങ്കിലും വ്യക്തി ഔദ്യോഗികമായോ സ്വകാര്യമായോ സര്‍വൈലന്‍സ് നടത്താന്‍ വേണ്ടി ഹാക്കിംഗിലൂടെ ചാര സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കുറ്റകൃത്യമാണ്.
പെഗാസസ് പ്രോജക്ടില്‍ കണ്ടെത്തിയ വിവരങ്ങളോടുള്ള പ്രതികരണം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിശദമായ ചോദ്യക്കുറിപ്പ് മാധ്യമങ്ങള്‍ അയച്ചിരുന്നു. ‘ഇന്ത്യ ശക്തമായ ജനാധ്യപത്യ വ്യവസ്ഥയുള്ള രാജ്യമാണ്. രാജ്യത്തെ പൗരന്മാരുടെ മൗലീകാവകാശമായ സ്വകാര്യതക്കുള്ള അവകാശം സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്’ എന്നും ‘ചില പ്രത്യേക വ്യക്തികള്‍ക്ക് മേല്‍ സര്‍ക്കാര്‍ സര്‍വൈലന്‍സ് നടത്തി എന്നതിന് വ്യക്തമായ തെളിവുകളില്ല,’ എന്നുമാണ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ മറുപടി. എന്നാൽ, സര്‍ക്കാര്‍ പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്ന് ഈ പ്രതികരണത്തിലെവിടെയും പറഞ്ഞിട്ടില്ല. പകരം, ‘ഇന്റര്‍സെപ്ഷന്‍, മോണിറ്ററിംഗ്, ഡീക്രിപ്ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ഓരോ കേസും നടക്കുന്നത് അതിന് ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ അനുമതിയോടെയായിരിക്കും. ഈ പ്രക്രിയയിലൂടെ ഒരു കമ്പ്യൂട്ടര്‍ റിസോഴ്സ് ഉപയോഗിച്ചുകൊണ്ട് വിവരങ്ങളെ ഇന്റര്‍സെപ്ഷന്‍, മോണിറ്ററിംഗ്, ഡീക്രിപ്ഷന്‍ എന്നിവ ചെയ്യുന്നത് നിയമവിധേയമായി മാത്രമാണ് നടക്കുന്നതെന്ന് ഉറപ്പു വരുത്താന്‍ സാധിക്കും,’ എന്നാണ് പറഞ്ഞിരിക്കുന്നത്. അതേസമയം, സമയാസമയങ്ങളില്‍ ലഭിക്കുന്ന രേഖാമൂലമുള്ള അനുവാദത്തിന് പുറമെ നിയമവിധേയമായി ഇന്റര്‍സെപ്ഷന്‍ നടത്താന്‍ ടെലികോം/കമ്പ്യൂട്ടര്‍ റിസോഴ്സ് ഉപയോഗിക്കണമെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്. ഐ.ടി. ആക്ടിന്റെ 43ാം വകുപ്പ് പ്രകാരം ഇന്റര്‍സെപ്ഷനുവേണ്ടി ഹാക്കിംഗ് ഉപയോഗിക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്. പെഗാസസിനെ പോലെയുള്ള ചാര സോഫ്റ്റ്‌വെയറുകള്‍ക്ക് ആരെയെങ്കിലും സര്‍വൈലന്‍സിന് വിധേയമാക്കണമെങ്കില്‍ ഹാക്കിംഗ് നടത്തുകയെന്നത് ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും ദി വയർ എഡിറ്റർ സിദ്ധാർഥ് വരദാരാജൻ വ്യക്തമാക്കുന്നു.
Pegasus Project: How Phones of Journalists, Ministers, Activists May Have Been Used to Spy On Them
ഡാറ്റബേസിലെ നമ്പറുകള്‍ പെഗാസസ് ഉപയോഗിച്ച് സര്‍ക്കാരുകള്‍ ടാര്‍ഗറ്റ് ചെയ്തവരുടേതല്ലെന്നാണ് എന്‍.എസ്.ഒ. പറയുന്നത്. ഈ ഡാറ്റാ ബേസിലെ നമ്പറുകള്‍ എല്ലാവര്‍ക്കും ലഭ്യമായ, എച്ച്.എല്‍.ആര്‍. ലുക്ക്അപ് പോലെയുള്ള സര്‍വീസുകളിലേതു പോലുള്ള പരസ്യമായ വിവരങ്ങളാണെന്നും പെഗാസസിന്റെയോ മറ്റു എന്‍.എസ്.ഒ. പ്രൊഡക്ടുകളുടെയോ ഉപയോക്താക്കളുമായി ഇതിന് ബന്ധമില്ലെന്നുമാണ് കമ്പനിയുടെ വാദങ്ങൾ.
നിങ്ങള്‍ അന്വേഷിക്കുന്ന ഫോണ്‍ നമ്പര്‍ ഒരു നെറ്റ്വര്‍ക്കിലുണ്ടോയെന്ന് അറിയുന്നതിന് വേണ്ടിയാണ് എച്ച്.എല്‍.ആര്‍. ലുക്ക്അപ്പ് സര്‍വീസുകള്‍ ഉപയോഗിക്കുന്നത്. അതേസമയം, ടെലിമാര്‍ക്കറ്റില്‍ വാണിജ്യപരമായി വലിയ സ്ഥാനമുള്ള എച്ച്.എല്‍.ആര്‍. ലുക്ക്അപ്‌സിന് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള സര്‍വൈലന്‍സിന്റെ പ്രധാന ഘടകമായി മാറാന്‍ സാധിക്കും. എച്ച്.എല്‍.ആര്‍. ലുക്ക്അപ്പ് ഉപയോഗിച്ചാല്‍ ഒരു ഫോണ്‍ ഓണ്‍ ആണോയെന്നും ഫോണില്‍ ഹാക്കിംഗ് നടത്താന്‍ അവസരമുണ്ടോയെന്നും അറിയാനാകുമെന്നാണ് ബെര്‍ലിനിലെ സെക്യൂരിറ്റി റിസര്‍ച്ച് ലാബ്‌സ് തലവനായ ശാസ്ത്രഞ്ജന്‍ കാര്‍സ്റ്റെന്‍ നോല്‍ പറയുന്നത്. ഇന്ത്യന്‍ സര്‍ക്കാരുമായി ഏതെങ്കിലും തരത്തിലുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? എന്ന ചോദ്യത്തിന് മറുപടി പറയാന്‍ എന്‍എസ്ഒ തയ്യാറല്ല. പെഗസസ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പേരുകള്‍ രഹസ്യമാണ്. അതിനാല്‍ ഏതെങ്കിലും രാജ്യം ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയാനാകില്ലെന്നായിരുന്നു പ്രതികരണം.
വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും ഇസ്രായേലി സ്പൈവെയർ പെഗാസസ് വാങ്ങിയോ? എന്ന പ്രധാന ചോദ്യത്തിന് ഇതുവരെ കേന്ദ്ര സർക്കാർ ഉത്തരം നൽകിയിട്ടില്ല. പാർലിമെന്റിന്റെ വർഷകാല സാമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പെഗാസസ് ഇരു സഭകളെയും പ്രഷുബ്ദമാക്കിയിരുന്നു. ലോക്സഭയിൽ സ്വമേധയാ നൽകിയ വിശദീകരണത്തിലും പുതുതായി ചുമതലയേറ്റ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വനി വൈഷ്ണവ് ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്. രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ ഇത്തരം നിരീക്ഷണങ്ങൾ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനം ആഗ്രഹിക്കാത്തവരാണ് പുതിയ വിവാദത്തിന് പിന്നിലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം.
ലക്ഷക്കണക്കിന് ഡോളര്‍ വില വരുന്നതാണ് പെഗാസസ് എന്ന സോഫ്റ്റ്‌വെയര്‍. ഇത് വ്യക്തികള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്നും അതിന് സര്‍ക്കാരുകള്‍ക്ക് മാത്രമേ സാധിക്കൂ എന്നും സിറ്റിസണ്‍ ലാബ് നേരത്തെ വ്യക്തമാക്കിയിരുന്നു. അപ്പോള്‍ ആരോപണങ്ങളുടെ കുന്തമുന സര്‍ക്കാരിന് എതിരെ തന്നെയാണ്. തങ്ങളുടെ നയപരിപാടികള്‍ക്ക് വിരുദ്ധമായ അഭിപ്രായമുള്ളവരെ സര്‍ക്കാര്‍ തന്നെ അനധികൃതമായി നിരീക്ഷിക്കുന്നു എന്നത് ഒരു ജനാധിപത്യ രാജ്യത്ത് അനുവദിക്കാന്‍ സാധിക്കില്ല.ഇതിനു ഭരണകൂടം മറുപടി പറഞ്ഞേ മതിയാകൂ. സ്റ്റേറ്റും ഭരണകൂടവുമാണ് ഏറ്റവും വലിയ പീഡകർ എന്നത് ചരിത്രം തെളിയിച്ചതാണ്, അത് നമ്മൾ മറന്നുകൂടാ. ചാരവൃത്തിക്ക് ചാവേറുകളെ അയച്ച് ജനാധിപത്യത്തിന് കല്ലറപണിയാൻ അനുവദിച്ചുകൂടാ.