വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷനായുള്ള പുത്തൻ നിയമങ്ങൾ ഇന്ത്യയിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇതോടെ വിന്റേജ് വാഹന ഉടമകൾക്ക് ഇപ്പോൾ തങ്ങളുടെ വാഹനങ്ങൾ തടസ്സരഹിതമായ രീതിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. എന്നിരുന്നാലും, 50 വർത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾക്ക് മാത്രമേ ഈ നിയമം ബാധകമാകൂ. പുതിയ നിയമങ്ങൾക്ക് കീഴിൽ, വിന്റേജ് കാർ ഉടമകൾക്ക് അവരുടെ പഴയ നമ്പർ നിലനിർത്താൻ സാധിക്കും. അല്ലെങ്കിൽ പുതിയൊരെണ്ണത്തിനായി അപേക്ഷിക്കാനും കഴിയും.
പുതിയ നമ്പറിനായി അപേക്ഷിക്കുകയാണെങ്കിൽ, ഒരു പ്രത്യേക ശ്രേണിയിലാവും അവർക്ക് നമ്പർ ലഭിക്കുക. നമ്പർ XX VA YY AAAA എന്ന ഫോർമാറ്റിലായിരിക്കും. ഇതിൽ XX എന്നത് സ്റ്റേറ്റ് കോഡും VA വിന്റേജ് വാഹനത്തിന് വേണ്ടി നിലകൊള്ളുന്നതും, YY രണ്ട് അക്ഷരങ്ങളുള്ള സീരീസും, AAAA എന്നത് 0001 നും 9999 നും ഇടയിലുള്ള നാല് അക്ക സംഖ്യയായിരിക്കും. ഒരു പുതിയ രജിസ്ട്രേഷനായി, പുത്തൻ VA സീരീസ് രജിസ്ട്രേഷനായി ഉടമകൾ 20,000 രൂപ ഫീസ് നൽകേണ്ടതാണ്. എന്നിരുന്നാലും, ഒരു വാഹനം വീണ്ടും രജിസ്റ്റർ (റീ-രജിസ്റ്റർ) ചെയ്യുന്നതിന് 5,000 രൂപ മാത്രമാണ് ഫീസ്.
വാഹന ഉടമകൾ ഇൻഷുറൻസ് പോളിസി, ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ എൻട്രി ബിൽ, അപേക്ഷയോടൊപ്പം ഇതിനകം രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ പഴയ ആർസി എന്നിവയും നൽകേണ്ടതുണ്ട്. ഒരു വിന്റേജ് വാഹനം എന്താണെന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പട്ടികപ്പെടുത്തിയിട്ടുണ്ട്. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പറയുന്നതനുസരിച്ച്, 50 വർഷത്തിന് മേൽ പഴക്കമുള്ള എല്ലാ ടൂ/ഫോർ വീലറുകളും അവയുടെ യഥാർത്ഥ രൂപത്തിൽ പരിപാലിക്കപ്പെടുന്നതും, കാര്യമായ പരിഷ്കരണത്തിന് വിധേയമാകാത്തതുമായ വാഹനങ്ങൾ വിന്റേജ് മോട്ടോർ വെഹിക്കിൾ ആയി നിർവചിക്കപ്പെടും എന്ന് വ്യക്തമാക്കുന്നു. ഈ മുഴുവൻ പ്രക്രിയയും നടത്തിക്കഴിഞ്ഞാൽ, ബന്ധപ്പെട്ട സ്റ്റേറ്റ് രജിസ്ട്രിംഗ് അതോറിറ്റി 60 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും.