അലാസ്ക: ആർട്ടിക് മേഖലയിൽ അസാധാരണമായി കാറ്റും ഇടിമിന്നലും അനുഭവപ്പെടുന്നു. സൈബീരിയ മുതൽ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആർട്ടിക് മേഖലയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കാറ്റും മിന്നലുമുണ്ടായത്. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇത്തരമൊരു പ്രതിഭാസം മുൻപു കണ്ടിട്ടില്ലെന്നും അവർ പറയുന്നു.
ആർട്ടിക് സമുദ്രത്തിൽ മിന്നലിന് യാതൊരു സാധ്യതപോലുമില്ലാത്തതാണ്. എന്നാൽ, അന്തരീക്ഷോഷ്മാവ് വർധിച്ചതോടെ മേഖലയിലെ വായു മിന്നൽചാലകമായി മാറുകയാണ്. ഇനിയങ്ങോട്ട് ഈ മേഖലയിൽ കാറ്റും മിന്നലുമൊക്കെ സാധാരണയായി മാറുമെന്ന ആശങ്കയും ശാസ്ത്രജ്ഞർ പങ്കുവെക്കുന്നു.
2010 മുതൽ ഗ്രീഷ്മകാലത്ത് ആർട്ടിക്കിൽ മിന്നലുകൾ ഉണ്ടാകുന്നുണ്ട്. എന്നാൽ, ഇപ്പോൾ അതിന്റെ ശക്തിയും വ്യാപ്തിയും വർധിച്ചുവരികയാണ്. സൈബീരിയയിലാണു മിന്നൽ ശക്തമായിട്ടുള്ളത്. കഴിഞ്ഞയാഴ്ച മിന്നലേറ്റുണ്ടായ കാട്ടുതീ സൈബീരിയയിൽ 20 ലക്ഷം ഏക്കർ ഭൂമിയിൽ നാശം വിതച്ചു.