ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിനി പൈലറ്റ് ഓടിച്ച പരിശീലക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ചൈംസ് ഏവിയേഷന്‍ അക്കാദമിയുടെ സെസ്സ്ന 172 എന്ന വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിയത്.
സാഗര്ജില്ലയിലെ ധാന മേഖലയിലെ ചൈംസ് ഏവിയേഷന്‍ അക്കാദമിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ട്രെയ്നി പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു.
22 വയസ്സുള്ള വനിതാ ട്രെയിനി പൈലറ്റാണ് വിമാനം ഓടിച്ചിരുന്നത്. തെന്നിമാറിയ വിമാനം കുറ്റിച്ചെടികള്‍ നിറഞ്ഞ സ്ഥലത്താണ് നിന്നത്. ട്രെയ്നി പൈലറ്റ് അല്ലാതെ മറ്റാരും വിമാനത്തില്‍ ഉണ്ടായിരുന്നില്ല.
അപകടത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
നേരത്തേയും ധാന എയര്‍ സ്ട്രിപ്പില്‍ ചൈംസ് ഏവിയേഷന്‍ അക്കാദമിയുടെ വിമാനം അപകടത്തില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പരിശീലന വിമാനം എയര്‍ സ്ട്രിപ്പിന് സമീപത്തെ പാടത്ത് വീണ് ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചിരുന്നു.