വീട്ടില്‍ നിന്ന് പി.എസ്.സി. കോച്ചിങ്ങിന് പോയ ഷബ്നയുടെ തിരോധാനത്തിന് ശനിയാഴ്ച മുന്നു വര്‍ഷം തികയുന്നു. അഞ്ചാലുംമൂട് ആണിക്കുളത്തുചിറയില്‍ ഇബ്രാഹിംകുട്ടി- റജില ദമ്പതിമാരുടെ മകള്‍ ഷബ്ന(18)യെയാണ് കാണാതായത്.
2018 ജൂലായ് 17-ന് രാവിലെ 9.30-ന് വീട്ടില്‍നിന്ന് കടവൂരില്‍ പി.എസ്.സി.കോച്ചിങ് ക്ലാസിലേക്ക് പോയതായിരുന്നു ഷബ്ന. എന്നാല്‍ രാവിലെ 11 മണിയോടെ വിദ്യാര്‍ഥിനിയുടെ ബാഗും സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും കൊല്ലം ബീച്ചില്‍നിന്ന് പോലീസ് കണ്ടത്തുകയായിരുന്നു.
ഷബ്നയുടെ തിരോധാനത്തെത്തുടര്‍ന്ന് ബന്ധുവായ യുവാവിനെ പല തവണ പോലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഷബ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്കാന് തീരുമാനിച്ചിട്ടുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജേഷ് തൃക്കാട്ടില്‍ പറഞ്ഞു.
കേരള പോലീസും രണ്ടു ലക്ഷം രൂപ പാരിതോഷികം നേരത്തേ പ്രഖ്യാപിച്ചിരുന്നു. കേസ് സി.ബി.ഐ.ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഷബ്നയുടെ മാതാപിതാക്കള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.