മസ്കത്ത്: ഒമാനില്‍ കനത്ത മഴ തുടരുന്നു. അതിശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകള്‍ മുറിച്ച് കടക്കരുതെന്ന് ഒമാന്‍ സിവില്‍ ഡിഫെന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അതേസമയം, മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആളുകള്‍
ഇത്തരം താഴ്വരകള്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് തുടര്‍ച്ചയായി ഉണ്ടായ മഴയെ തുടര്‍ന്ന് താഴ്വരകളും മറ്റും നിറഞ്ഞ് കവിയുന്ന അവസ്ഥയിലാണ്. ഇത്തരം ഇടങ്ങളില്‍ കുടുങ്ങിപോയവരെ രക്ഷിച്ചതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, രാജ്യത്ത് വരും ദിവസങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും ഇടിമിന്നലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് അല്‍ ബതീന, മസ്കറ്റ്, നോര്‍ത്ത് അല്‍ ശര്‍ഖിയ, ദോഫാര്‍, അല്‍ വുസ്ത, അല്‍ ഹജര്‍ മലനിരകള്‍ തുടങ്ങിയ ഇടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്.