മുംബൈ: വിജയ് മല്യ, മെഹുല്‍ ചോക്സി, നീരവ് മോദി എന്നിവരുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് എസ്.ബി.ഐ നയിക്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 792.11 കോടി രൂപ വീണ്ടെടുത്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ബാങ്കുകൾക്കു കൈമാറിയ ഓഹരികളാണ് വിറ്റത്.
വായ്പാ തട്ടിപ്പുകേസില്‍ രാജ്യം വിട്ട വ്യവസായികളാണ് വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ. കഴിഞ്ഞമാസം 13,109.17 കോടിരൂപ മൂല്യമുള്ള ഇവരുടെ ഓഹരികള്‍ സമാനരീതിയിൽ ബാങ്കുകള്‍ക്കും സര്‍ക്കാരിനും കൈമാറിയതായി ഇ.ഡി. അറിയിച്ചു.
ഇതുവരെ 18,170.02 കോടി രൂപയുടെ സ്വത്തുക്കളാണ് ഈ വ്യവസായികളുടേതായി ഇ.ഡി. പിടിച്ചെടുത്തത്. ബാങ്കുകള്‍ക്കുണ്ടായ നഷ്ടത്തിന്റെ ഏകദേശം 80.45 ശതമാനം വരുമിത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരമാണ് ഇ.ഡി. സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.