കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യ പ്രതിയടക്കം രണ്ടുപേര്‍ കൂടി പൊലീസ് പിടിയിലായി. കരിപ്പൂർ സ്വദേശി സജി മോൻ, കൊടുവള്ളി സ്വദേശി മുനവറലി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് സഹായം ചെയ്ത് കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ സജിമോനെയും മുനവറിനേയും കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
സംഭവദിവസം കവര്‍ച്ചാസംഘങ്ങള്‍ക്ക് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തത് താനാണെന്ന് സജിമോന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലും പരിസരത്തും ടാക്സി സര്‍വീസും മണി എക്സ്ചേഞ്ച് ബിസിനസ്സും ട്രാവല്‍സും മറ്റും നടത്തുന്ന ഇയാളുടെകൂടെ ഉണ്ടായിരുന്ന മറ്റ് സംഘങ്ങളെ കുറിച്ചും പേലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന് മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന് മാരാത്ത്, സഞ്ജീവന്, കോഴിക്കോട് റൂറല്‍ പോലീസിലെ വി.കെ സുരേഷ്, രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹന്‍ ദാസ്, ഹാദില്‍ കുന്നുമ്മല്‍, ഷഹീര്‍ പെരുമണ്ണ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
കേസിലെ മറ്റൊരു പ്രതിയായ കോഴിക്കോട് കൂടത്തായി സ്വദേശി കുന്നംവള്ളി വീട്ടിൽ ശിഹാബിനെ ഇന്നലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. അർജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന മുഖ്യ പ്രതിയാണ് ശിഹാബ്. താമരശ്ശേരി അടിവാരത്തുള്ള ഒളിത്താവളത്തിൽ നിന്നുമാണ് ശിഹാബിനെ പൊലീസ് പിടികൂടിയത്.