പാലക്കാട്: വടക്കഞ്ചേരി വ്യാജക്കള്ള് നിര്‍മാണവുമായി ബന്ധപ്പെട്ട് 13 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. വ്യാജകള്ള് നിര്മാണലോബിക്ക് എക്സൈസ് ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളോളം സഹായം നല്‍കിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഇത് സംബന്ധിച്ച അന്വേഷണം വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയെ ഏല്‍പ്പിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
ജൂണ്‍ 27ന് വടക്കഞ്ചേരിയിലെ രണ്ട് വീടുകളില്‍നിന്ന് സ്പിരിറ്റും വ്യാജക്കള്ളും പിടികൂടിയിരുന്നു. വ്യാജക്കള്ളു നിര്‍മാണ സംഘത്തിന് എക്സൈസ്, പോലീസ് വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന ആരോപണത്തില്‍ എക്സൈസ് വിജിലന്‍സ് എസ്പി മുഹമ്മദ് ഷാഫി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വ്യാജക്കള്ളു നിര്‍മാണക്കേസില്‍ പ്രതിയായ സോമന് നായരില്‍ നിന്ന് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം മാസപ്പടി വാങ്ങിയെന്ന ഗുതുതരമായ ആരോപണവും നിലനിന്നിരുന്നു. സംഭവത്തില്‍ ഒന്‍പത് പേരെ പ്രതിചേര്‍ത്ത് കേസെടുത്തു.
ആലത്തൂര്‍ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണില്‍ നിന്നാണ് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടില്‍ നിന്ന് 1312 ലിറ്റര്‍ സ്പിരിറ്റ്, 2220 ലിറ്റര്‍ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തത്.
തുടര്‍ന്ന് എക്സൈസ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ വീട്ടില്‍ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയല്‍ ബാലന്‍സ് കാണിക്കുന്ന കമ്പ്യൂട്ടര്‍സ്റ്റേറ്റ്മെന്റ്, ചില ക്യാഷ്ബുക്കുകള്‍, വൗച്ചറുകള്‍ എന്നിവ കണ്ടെടുക്കുകയുണ്ടായി. ഈ രേഖകളില്‍ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ലഭിച്ചത്.