ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ പിണറായി സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി വെച്ചു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിശദ വാദം പൂര്‍ത്തിയായതിന് പിന്നാലെയാണ് വിധി പറയാന്‍ മാറ്റിയത്. അതേസമയം, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. കേസ് പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ അപേക്ഷയേയും കോടതി വിമര്‍ശിച്ചു. അപേക്ഷയിലെ വാദങ്ങള്‍ മനസിലാകുന്നില്ലെന്നും പ്രധാനപ്പെട്ട കേസായതിനാലാണ് വിശദമായി വാദം കേട്ടതെന്നും കോടതി വ്യക്തമാക്കി.
നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചപ്പോള്‍, ഒരു എം എല്‍ എ തോക്കെടുത്ത് വന്ന് വെടിവച്ചാല്‍ സഭയ്ക്കാണോ അവിടെ പരമാധികാരമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ഇത് പൊതുതാത്പര്യപ്രകാരമുള്ള ഹര്‍ജിയാണെന്ന് സര്‍ക്കാര്‍ വാദിച്ചപ്പോള്‍, സഭയിലെ വസ്തുക്കള്‍ നശിപ്പിച്ച കേസില്‍ എന്ത് പൊതുതാത്പര്യമാണുള്ളതെന്നായിരുന്നു ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വാദത്തിനിടെ കടുത്ത ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്യമുണ്ടെന്നതില്‍ തര്‍ക്കമില്ല. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കോടതി സാമാഗ്രഹികള്‍ നശിപ്പിക്കാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.