ന്യൂഡൽഹി: നിയമസഭ കയ്യാങ്കളി കേസില്‍ ഇന്ന് നിര്‍ണായക ദിനം. സംസ്ഥാന സര്‍ക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീല്‍ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. കേസ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. വിവാദത്തിലായ മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാര്‍ തന്നെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്.കേസ് തീര്‍പ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നൽകിയ ഹര്‍ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക.
എംഎൽഎമാരുടേത് ഒരിക്കലും യോജിക്കാനാകാത്ത പ്രവൃത്തിയാണെന്ന് കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.വിശദമായി കേൾക്കാതെ ഹര്‍ജി തള്ളരുതെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിവച്ചത്.യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു നിയസഭയിൽ കയ്യാങ്കളിയുണ്ടായത്. ബാർ കോഴ വിവാദം കത്തി നിൽക്കെയായിരുന്നു സംഭവം. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബഡ്ജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരയടക്കം മറിച്ചിടുകയായിരുന്നു.