നിരോധനത്തിന് ശേഷം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി പബ്ജി. ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന പേരിൽ ഔദ്യോഗികമായി ഗെയിം പ്ലേസ്റ്റോറുകളിൽ വന്നശേഷം ഒരാഴ്ചക്കുള്ളിൽ തന്നെ 34 മില്യൺ ആൾക്കാരാണ് ഗെയിം ഡൗൺലോഡ് ചെയ്തത്.
ചൈന ബന്ധം ഉപേക്ഷിച്ച് പൂർണമായും കൊറിയൻ കമ്പനിയുടെ ഉടമസ്ഥയിലായ ഗെയിം ഈ കാലയളവ് കൊണ്ടു തന്നെ പ്ലേ സ്റ്റോറിൽ സൗജന്യ ഗെയിമുകളുടെ പട്ടികയിൽ ഒന്നാമതെത്തി. ഇതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് നന്ദി പറഞ്ഞുകൊണ്ട് പബ്ജിയുടെ നിർമാതാക്കളായ ക്രാഫ്റ്റോൺ കമ്പനി വന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ രസകരമായ കാര്യങ്ങൾ പബ്ജിയിൽ ഉൾക്കൊള്ളിക്കുമെന്നും അവർ അറിയിച്ചു.
ഒരു ദിവസം ഏറ്റവും കൂടുതൽ പേർ ഉപയോഗിച്ച ഗെയിം എന്ന റെക്കോർഡ് കൂടി അവർ നേടി. 16 മില്യൺ ആൾക്കാരാണ് കഴിഞ്ഞ ദിവസം പബ്ജിയിൽ സജീവമായി ഉണ്ടായിരുന്നത്. അതിൽ 2.4 മില്യൺ പേർ തുടർച്ചയായി പബ്ജി ഉപയോഗിച്ചിരുന്നവരാണ്.
ഇന്ത്യയിൽ അവരുടെ സാന്നിധ്യം വർധിപ്പിക്കാനായി ഓൺ ഗെയിം ടൂർണമെന്റുകൾ സംഘടിപ്പിക്കാനും ക്രാഫ്റ്റോൺ ലക്ഷ്യമിടുന്നുണ്ട്. ഓൺലൈൻ സർവൈവൽ ഗെയിമായ പബ്ജി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും.